മണിയന്റെ അച്ഛനായ 'ക്ലാത്തൻ'; എആർഎമ്മിൽ നാലാമതൊരു കഥാപാത്രം കൂടിയുണ്ടായിരുന്നു എന്ന് ടൊവിനോ

ഓണം റിലീസായെത്തിയ അജയന്റെ രണ്ടാം മോഷണം 100 കോടി രൂപയിലധികം കളക്ഷനും നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

dot image

കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിവയ്ക്ക് പുറമെ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിൽ നാലാമതൊരു കഥാപാത്രം കൂടിയുണ്ടായിരുന്നു എന്ന് നടൻ ടൊവിനോ തോമസ്. മണിയന്റെ പിതാവായ ആ കഥാപാത്രത്തിന്റെ പേര് ക്ലാത്തൻ എന്നായിരുന്നു. മണിയൻ കുഞ്ഞിക്കേളുവിന്റെ മകൻ അല്ലെന്നും നടൻ വ്യക്തമാക്കി.

'മണിയന് ഒരു അച്ഛനുണ്ട്. അയാൾക്ക് ഒരു കഥയുണ്ട്. അയാളെക്കുറിച്ച് ഹരീഷേട്ടന്റെ കഥാപാത്രം ഒറ്റവരിയിൽ നമ്മുടെ സിനിമയിൽ പറയുന്നുണ്ടായിരുന്നു. നാഗർകോവിൽ പൊലീസ് റെക്കോർഡ്സിൽ ഗുണ്ടാലിസ്റ്റിൽ പേരുണ്ടായിരുന്ന ക്ലാത്തൻ എന്ന പേരുള്ള ഗുണ്ടയെ 12 പേർ ചേർന്ന് വെട്ടിക്കൊന്നിട്ട്, മരിച്ചുകിടക്കുന്ന ക്ലാത്തന്റെ ശരീരത്തിന് മുന്നിൽ ഊരിപ്പിടിച്ച കത്തിയുമായി നിന്ന ഏഴ് വയസ്സുകാരൻ. അതാണ് മണിയന്റെ ബാക്ക്സ്റ്റോറി,' ടൊവിനോ റീൽ ട്രൈബ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ.

അതേസമയം ഓണം റിലീസായെത്തിയ അജയന്റെ രണ്ടാം മോഷണം 100 കോടി രൂപയിലധികം കളക്ഷനും നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എആർഎം നവാഗതനായ ജിതിൻ ലാലാണ് സംവിധാനം ചെയ്തിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദ്‌. തമിഴിൽ കന, ചിത്ത തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം.

Content Highlights: Tovino Thomas Reveals About An Unseen Character in ARM Movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us