രജനികാന്ത് ചിത്രം വേട്ടയ്യൻ ഒക്ടോബർ 10 ന് റിലീസിന് തയ്യാറെടുക്കവേ കേരളത്തിലെ വിതരണക്കാരായ ഗോകുലം മൂവിസിന് അത് അഗ്നിപരീക്ഷയാണ്. ഈ വർഷം ഗോകുലം മൂവിസിന്റെതായി കേരളത്തിൽ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളൊക്കെ ബോക്സ് ഓഫീസിൽ വലിയ പരാജയം ആണ് ഏറ്റുവാങ്ങിയത്. അടുത്തതായി കേരളത്തിൽ ഗോകുലം മൂവീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ വേട്ടയ്യൻ. ഇതോടെയാണ് വേട്ടയ്യൻ ഗോകുലം മൂവീസിന്റെ രക്ഷകനാകുമോ എന്ന ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ചത്.
തങ്കലാൻ, ഇന്ത്യൻ 2 , ദി ഗോട്ട് എന്നീ സിനിമകളാണ് ഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിനെടുത്ത തമിഴ് ചിത്രങ്ങൾ. ഇവ മൂന്നും ഗോകുലം മൂവിസിന് വലിയ നഷ്ടമാണ് വരുത്തിവച്ചതെന്നാണ് റിപ്പോർട്ട്. ആഗോള തലത്തിൽ 70 കോടിയോളം നേടിയെങ്കിലും മോശം പ്രതികരണങ്ങളെത്തുടർന്ന് വിക്രം ചിത്രമായ തങ്കലാന് കേരളത്തിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. 3 കോടി മാത്രമാണ് തങ്കലാൻ കേരളത്തിൽ നിന്ന് നേടിയത്.
തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായിരുന്നു കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 . ശങ്കർ സംവിധാനം ചെയ്ത് ഇന്ത്യന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചിത്രം മോശം മേക്കിങ്ങിന്‍റെയും അഭിനയത്തിന്റെയും പേരിൽ വലിയ വിമർശനമാണ് നേടിയത്. കേരളത്തിലും ചിത്രത്തിന് ഒട്ടും കളക്ഷൻ നേടാൻ സാധിച്ചിരുന്നില്ല.
#Vettaiyyan Kerala FDFS will start from 7AM.
— ForumKeralam (@Forumkeralam2) October 5, 2024
A lot riding on this for @GokulamMovies as they present this after 3 back to back disasters in the form of Indian2, Thangalan and GOAT.
Can Superstar be the savior? pic.twitter.com/0hXmYb6VXC
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് വിജയ് നായകനായ ദി ഗോട്ട് തമിഴ്നാട്ടിലും ആഗോള ബോക്സ് ഓഫീസിലും വലിയ നേട്ടം കൊയ്‌തെങ്കിലും കേരളത്തിൽ മികച്ച അഭിപ്രായം നേടാനായിരുന്നില്ല.
വലിയ പ്രതീക്ഷകളോടെ എത്തിയെങ്കിലും ആദ്യ ദിനത്തിനപ്പുറം കളക്ഷൻ വർധിപ്പിക്കാനും കഴിഞ്ഞില്ല. 13 കോടിയോളം നേടി ചിത്രം കേരളത്തിലെ പ്രദർശനം അവസാനിപ്പിക്കുകയായിരുന്നു.
ജയിലർ, ലാൽ സലാം എന്നീ രജനികാന്ത് ചിത്രങ്ങൾക്ക് ശേഷം ഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിനെടുക്കുന്ന ചിത്രമാണ് വേട്ടയ്യൻ. വലിയ വിജയമായിരുന്നു ജയിലർ കേരളത്തിൽ നിന്ന് നേടിയത്. 60 കോടിക്ക് മുകളിലായിരുന്നു കേരളത്തിൽ ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് വേട്ടയ്യന്‍ ഗോകുലം മൂവിസിനെ തുടർപരാജയങ്ങളിൽ നിന്ന് കരകയറ്റുമോയെന്ന ചോദ്യങ്ങൾ ഉയർന്ന് വന്നത്.
കേരളത്തിൽ വേട്ടയ്യന്റെ ആദ്യ ഷോ ഒക്ടോബര്‍ പത്തിന് 7 മണിക്ക് ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ചിത്രത്തിന്റെ ബുക്കിങ് നാളെ മുതൽ ആരംഭിക്കും. കഴിഞ്ഞ ദിവസം ട്രെയ്‌ലർ പുറത്തുവന്നിരുന്നു. പൊലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒപ്പം രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും കിടിലൻ പ്രകടനങ്ങളും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്.
Content Highlights : Will Vettaiyan be the saviour of gokulam movies in kerala ?