അക്ഷയ് കുമാര്‍ നായകനായെത്തിയ ചിത്രം 'ഖേല്‍ ഖേല്‍ മേം' ഒടിടിയിലേക്ക്. ചിത്രം ഒക്ടോബർ ഒമ്പത് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. പാവ്‍ലോ ജെനോവീസിന്‍റെ സംവിധാനത്തില്‍ 2016 ല്‍ പുറത്തിറങ്ങിയ പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സ് എന്ന ഇറ്റാലിയന്‍ ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു ഖേല്‍ ഖേല്‍ മേം.
ഓഗസ്റ്റ് 15 നായിരുന്നു ചിത്രം സ്ത്രീ 2, വേദ എന്നിവയ്‌ക്കൊപ്പം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. 100 കോടി ബജറ്റിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് ആഗോളതലത്തിൽ 55 കോടിയോളം രൂപ മാത്രമാണ് നേടാനായത്. ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് 47 കോടിയോളം രൂപ മാത്രമായിരുന്നു സിനിമയുടെ കളക്ഷൻ. ചിത്രത്തിനായി അക്ഷയ് കുമാറിന്റെ പ്രതിഫലം 60 കോടിയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
കോമഡി-ത്രില്ലർ വിഭാഗത്തിൽ കഥ പറഞ്ഞ ചിത്രം മുദാസ്സര്‍ അസീസാണ് സംവിധാനം ചെയ്തത്. ഒരു വിവാഹവുമായി ബന്ധപ്പെട്ട് കുറച്ച് കോളേജ് സുഹൃത്തുക്കൾ ഒരിടത്ത് ഒത്തുകൂടുന്നതും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് സിനിമ പറഞ്ഞത്. അമ്മി വിര്‍ക്, തപ്സി പന്നു, വാണി കപൂര്‍, ഫര്‍ദീന്‍ ഖാന്‍, ആദിത്യ സീല്‍, പ്രഗ്യ ജയ്‍സ്വാള്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അക്ഷയ് കുമാറിന്റെ കഴിഞ്ഞ റിലീസ് സൂര്യ നായകനായ സൂരരൈ പോട്രിന്റെ റീമേക്ക് ആയിരുന്നു. സർഫിര എന്ന് പേരിട്ട ചിത്രവും തിയേറ്ററിൽ പരാജയപ്പെട്ടിരുന്നു. ചിത്രവും ഉടൻ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അക്ഷയ് കുമാർ നായകനായെത്തിയ ചിത്രം തിയേറ്ററിലെത്തി മൂന്ന് മാസത്തിന് ശേഷമാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. സിനിമ ഒക്ടോബർ 11 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ലഭ്യമാകും.
Content Highlights: Akshay Kumar Starrer Khel Khel Mein On OTT Soon