വരുൺ ധവാൻ, കൃതി കൃതി സനോൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമർ കൗശിക്ക് സംവിധാനം ചെയ്ത സൂപ്പർനാച്ചുറൽ ഹൊറർ ചിത്രമാണ് 'ഭേഡിയ'. മഡോക്ക് സൂപ്പർ നാച്ചുറൽ യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായി പുറത്തിറങ്ങിയ 'ഭേഡിയ' മികച്ച അഭിപ്രായവും കളക്ഷനുമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അപ്ഡേറ്റ് സംവിധായകൻ അമർ കൗശിക്ക് പുറത്തുവിട്ടിരിക്കുകയാണ്.
'ഭേഡിയ 2' ഉടൻ വരും, വിഎഫ്എക്സും മറ്റ് കാരണങ്ങളിൽ ഉള്ള താമസവും കാരണം ചിലപ്പോൾ റിലീസ് തീയതികൾ മാറിയേക്കാം. കഥയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നും ആരാണ് വില്ലനായി എത്തുകയെന്നും തുടങ്ങിയ കാര്യങ്ങളിൽ പൂർണമായ വ്യക്തതയുണ്ടെന്നും സംവിധായകൻ അമർ കൗശിക് പിങ്ക് വില്ലയോട് പറഞ്ഞു.
ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ സിനിമാറ്റിക് യൂണിവേഴ്‌സാണ് മഡോക്ക് സൂപ്പർനാച്ചുറൽ യൂണിവേഴ്‌സ്. ഹൊറർ സിനിമകളെ അടിസ്ഥാനമാക്കി നിർമിച്ച ഈ യൂണിവേഴ്സിൽ ഇതുവരെ നാല് സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. 2018 ൽ പുറത്തിറങ്ങിയ 'സ്ത്രീ' ആണ് ഈ യൂണിവേഴ്സിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം. തുടർന്ന് 'ഭേഡിയ', 'സ്ത്രീ 2' , 'മുഞ്ജ്യ' തുടങ്ങിയ സിനിമകൾ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങി.
ജാൻവി കപൂർ പ്രധാന വേഷത്തിലെത്തിയ 'റൂഹി'എന്ന ചിത്രം ഇതിനിടയിൽ പുറത്തിറങ്ങിയിരുന്നു. ഈ ചിത്രം യൂണിവേഴ്സിന്റെ ഭാഗമാണോ എന്ന് പ്രേക്ഷകർക്കിടയിൽ സംശയങ്ങളുണ്ടായിരുന്നു. അതിനെക്കുറിച്ചും അമർ കൗശിക് ഉത്തരം നൽകുന്നുണ്ട്.
'റൂഹി' ഈ സൂപ്പർനാച്ചുറൽ യൂണിവേഴ്സിന്റെ ഭാഗമല്ലെന്നും ആ സിനിമയുടെ മേക്കിങ്ങിൽ താൻ ഒരു തരത്തിലും ഉൾപ്പെട്ടിരുന്നില്ലെന്നും അമർ കൗശിക് പറഞ്ഞു.
ശ്രദ്ധ കപൂർ, രാജ്‌കുമാർ റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'സ്ത്രീ 2' ആണ് ഈ യൂണിവേഴ്സിൽ അവസാനം പുറത്തിറങ്ങിയ സിനിമ. 600 കോടിക്ക് മേലെ നേടിയ ചിത്രം ഈ വർഷത്തെ ബോളിവുഡിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമാകുകയും ചെയ്‌തു.
Content Highlights : Amar Kaushik talks about Bhediya 2 and Roohi