റിലീസിന് പിന്നാലെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഗാനമാണ് അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ 'അങ്ങ് വാനക്കോണിലെ' എന്ന് തുടങ്ങുന്ന ഗാനം. തെന്നിന്ത്യൻ സംഗീത സംവിധായകൻ ദിബു നൈനാൻ തോമസ് ആയിരുന്നു ചിത്രത്തിലെ ഗാനത്തിന് സംഗീതം പകർന്നത്.
ചിത്രത്തിലെ ഈ ഹിറ്റ് ഗാനം ഒരു മണിക്കൂർ കൊണ്ടാണ് കമ്പോസ് ചെയ്തതെന്ന് സംഗീത സംവിധായകൻ ദിബു നൈനാൻ തോമസ്. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഗാനത്തിന് പിന്നിലെ കഥ ദിബു വെളിപ്പെടുത്തിയത്.
ചിത്രത്തിലെ നിർണായകമായ രഹസ്യങ്ങളിൽ പലതും ഈ ഗാനത്തിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നും എന്നാല്‍ സ്പോയിലറാവുന്നത് കൊണ്ട് പറയുന്നില്ലെന്നും ദിബു അഭിമുഖത്തിൽ പറഞ്ഞു.
'ഗാനത്തിന്റെ പല്ലവിയിലാണ് ആ രഹസ്യം ഒളിപ്പിച്ചുവെച്ചത്. സംവിധായകൻ ജിതിൻ അത്യാവശ്യം മ്യൂസിക് അറിവുള്ള ആളാണ്. ചിത്രത്തിൽ സെക്കന്റ് ഹാഫിലായിരിക്കും ഗാനം ഉണ്ടാവുകയെന്ന് സംവിധായകൻ പറഞ്ഞിരുന്നു. അങ്ങനെയാണ് 'ഈ ലോകം മുഴുവൻ നിനക്ക് വേണ്ടി വഴി തെളിക്കും', 'ഉയർന്നു വാ' എന്നൊക്കെ തുടങ്ങുന്ന വരികൾ ഉൾപ്പെടുത്തിയത്. ഗാനത്തിന്റെ സ്ട്രെക്ചർ അങ്ങനെ ഒരു മണിക്കൂർ കൊണ്ട് ഉണ്ടായി വന്നു. പിന്നീട് മ്യൂസിക് പ്രൊഡക്ഷന് വേണ്ടിയാണ് സമയമെടുത്തത്.' ദിബു റിപ്പോർട്ടറിനോട് പറഞ്ഞത് ഇങ്ങനെ.
വൈക്കം വിജയലക്ഷ്മിയാണ് അങ്ങ് വാനക്കോണിലെ എന്ന ഗാനം ആലപിച്ചത്. മനു മഞ്ജിത്ത് ആയിരുന്നു ഗാനത്തിന്റെ വരികൾ എഴുതിയത്. ചിത്രം റിലീസ് ചെയ്ത് 25 -ാം ദിവസത്തിലേക്ക് കടക്കുമ്പോഴും മികച്ച കളക്ഷനാണ് എആർഎം സ്വന്തമാക്കുന്നത്.
Content Highlights: ARM Angu Vaana Konilu Malayalam Song Dhibu Ninan Thomas says its Behind the Story