ആലിയ ഭട്ട് പ്രധാന കഥാപാത്രത്തിലെത്തുന്ന ജിഗ്‌റ എന്ന സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. ഗ്രാമര്‍ പരിശോധിക്കാതെ ആലിയയ്ക്ക് താന്‍ സ്‌ക്രിപ്റ്റ് അയച്ച് നൽകിയതിനെക്കുറിച്ച് വാസന്‍ ബാല പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് തനിക്കെതിരെ ഗുരുതര ആരോപണമായി മാറുകയാണ്. ഈ വിഷയം ആദ്യം തന്നെ ചിരിപ്പിച്ചു, പക്ഷേ ഇപ്പോള്‍ ശരിക്കും അലോസരപ്പെടുത്തുകയാണെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ കരൺ ജോഹർ പറയുന്നു.
'ഏറെ നിഷ്‌കളങ്കതയോടെയും സ്‌നേഹത്തോടെയും വാസന്‍ ബാല അഭിമുഖത്തില്‍ സംസാരിച്ച കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ അനാവശ്യ മാധ്യമ ശ്രദ്ധ ലഭിക്കുന്നത്. ഞാനുമായി സഹകരിച്ച കഴിവുള്ള സംവിധായകരില്‍ ഒരാളാണ് വാസന്‍ ബാല. അദ്ദേഹത്തിന്റെ അഭിമുഖം മുഴുവന്‍ കണ്ടാല്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാകും. അനുമാനങ്ങളില്‍ എത്തിച്ചേരുന്നതിന് മുമ്പ് അഭിമുഖം മുഴുവനായി കേള്‍ക്കാനും വായിക്കാനും ശ്രമിക്കണം', കരൺ ജോഹർ കുറിച്ചു.
ജിഗ്‌റയുടെ പൂര്‍ത്തിയാകാത്ത സ്‌ക്രിപ്റ്റ് കരണ്‍ ജോഹര്‍ തന്നോട് ചോദിക്കാതെ ആലിയ ഭട്ടിന് അയച്ചു കൊടുത്തു എന്ന് സംവിധായകന്‍ വാസന്‍ ബാല ജിഗ്‌റയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത വിമര്‍ശനങ്ങൾ കരണ്‍ ജോഹറിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ബോളിവുഡിലെ നെപ്പോട്ടിസവും സ്വകാര്യ താല്പര്യങ്ങളുമാണ് കരണ്‍ ജോഹറിന്റെ പ്രവൃത്തിയിലുള്ളത് എന്നായിരുന്നു പ്രധാന വിമര്‍ശനം.
വിദേശത്തെ ഒരു ജയിലിൽ അകപ്പെട്ടിരിക്കുന്ന തന്റെ അനിയനെ രക്ഷിക്കാൻ ആലിയയുടെ കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് ജിഗ്‌റയുടെ പശ്ചാത്തലം എന്നാണ് ട്രെയ്‌ലറിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ചിത്രം ഒക്ടോബർ 11ന് തിയേറ്ററിലെത്തും. ആലിയ ഭട്ടിന്റെ ആദ്യ മുഴുനീള ആക്ഷൻ ചിത്രമാണിത്. ധർമ്മ പ്രൊഡക്ഷൻസ് എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കരൺ ജോഹർ, അപൂർവ മേത്ത, ആലിയ ഭട്ട്, ഷഹീൻ ഭട്ട്, സോമെൻ മിശ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദേബാശിഷ് ഇറെങ്ബാം, വാസൻ ബാല എന്നിവർ ചേർന്നാണ് 'ജിഗ്‌റ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Content Highlights: Karan Johar breaks silence on vasan bala's comment about Jigra script