സിനിമാറ്റിക് യൂണിവേഴ്‌സുകൾക്ക് ഇപ്പോൾ ഇന്ത്യൻ സിനിമയിൽ ഡിമാൻഡ് അധികമാണ്. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി നിരവധി സിനിമാറ്റിക് യൂണിവേഴ്‌സുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. അത്തരത്തിൽ നിരവധി ആരാധകരുള്ള സിനിമാറ്റിക് യൂണിവേഴ്‌സുകളിൽ ഒന്നാണ് രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സ്. സിങ്കം, സിങ്കം റിട്ടേൺസ്, സൂര്യവംശി, സിംബാ എന്നീ ചിത്രങ്ങളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്ന സിനിമകൾ. ഇതിൽ അജയ് ദേവ്ഗൺ നായകനാകുന്ന സിങ്കത്തിന്റെ മൂന്നാം ഭാഗമായ സിങ്കം എഗെയ്ൻ എന്ന ചിത്രത്തിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
നിരവധി ആരാധകരുള്ള കഥാപാത്രമാണ് ദബാംഗ് എന്ന ചിത്രത്തിൽ സൽമാൻ ഖാൻ അവതരിപ്പിച്ച ചുൽബുൽ പാണ്ഡെ എന്ന പോലീസ് ഓഫീസർ. സിങ്കത്തിന്റെ മൂന്നാം ഭാഗത്തിൽ സൽമാന്റെ ചുൽബുൽ പാണ്ഡെ അതിഥി വേഷത്തിലെത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. ചിത്രത്തിനായി ഒരു ദിവസത്തെ ഡേറ്റ് സൽമാൻ ഖാൻ നൽകിയെന്നും അജയ് ദേവ്ഗണും സൽമാനുമൊത്തുള്ള ഈ രംഗങ്ങളാകും സിനിമയുടെ പ്രധാന ആകർഷണം എന്നുമാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
സിങ്കം എഗെയ്നിൽ ചെറിയ വേഷത്തിലെത്തുന്ന ചുൽബുൽ പാണ്ഡെ ഇനി പുറത്തിറങ്ങാനിരിക്കുന്ന കോപ്പ് യൂണിവേഴ്സിലെ അടുത്ത സിനിമകളിൽ ഒരു പ്രധാന വേഷത്തിലെത്തുമെന്നും പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കോപ്പ് യൂണിവേഴ്സിലെ ഏറ്റവും വലിയ ചിത്രമായി ആണ് സിങ്കം എഗെയ്ൻ ഒരുങ്ങുന്നത്. അജയ് ദേവ്ഗണിന് പുറമെ രൺവീർ സിങ്, അക്ഷയ് കുമാർ എന്നിവരും സിംബാ,സൂര്യവംശി എന്നീ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നുണ്ട്.
നിരവധി പുതിയ കഥാപാത്രങ്ങളും ഈ സിനിമയുടെ ഭാഗമാണ്. ദീപിക പദുകോൺ, ടൈഗർ ഷ്‌റോഫ്, കരീന കപൂർ, അർജുൻ കപൂർ എന്നിവരും ചിത്രത്തിലുണ്ട്. ദീപാവലി റിലീസായി ചിത്രം നവംബർ ഒന്നിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ പുറത്തിറങ്ങും. ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിംങ് അവകാശം 130 കോടി രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി.
Content Highlights: Salman Khan to return as Chulbul Paandey in Singham Again