തമിഴ് സിനിമാ പ്രേമികൾ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമായിരുന്നു പാ രഞ്ജിത്ത് സംവിധാനം ചെയ്ത് വിക്രം നായകനായി എത്തിയ 'തങ്കലാൻ'. ആഗസ്റ്റ് 15ന് തിയേറ്ററിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിച്ചത്. പിന്നാലെ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് പാർട്ണറായ നെറ്റ്ഫ്ലിക്സ് പിന്മാറിയതായുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഡിജിറ്റൽ അവകാശങ്ങൾക്കായി സമ്മതിച്ച തുക കുറയ്ക്കണമെന്ന് നെറ്റ്ഫ്ലിക്സ് നിർമ്മാതാക്കളോട് ആവശ്യപ്പെട്ടതായും അതേത്തുടർന്നാണ് നെറ്റ്ഫ്ലിക്സ് പിന്മാറിയതെന്നാണ് അഭ്യൂഹം.
സെപ്റ്റംബർ 20 നായിരുന്നു ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ സിനിമയുടെ സ്ട്രീമിങ് ആഴ്ചകൾക്ക് ഇപ്പുറവും നടക്കാതിരുന്നതിന് പിന്നാലെയാണ് ഈ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. നെറ്റ്ഫ്ലിക്സ് പിൻമാറിയതിനെ പിന്നാലെ ആമസോൺ പ്രൈം വീഡിയോയുമായി നിർമ്മാതാക്കൾ ചർച്ച തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
തങ്കലാന് ആഗോള തലത്തിൽ നിന്ന് 72 കോടി മാത്രമാണ് നേടാനായതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തെലുങ്ക് വേർഷന് താരതമ്യേന കൂടുതൽ കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. 11.75 കോടിയാണ് ചിത്രം തെലുങ്ക് വേർഷനിൽ നിന്ന് നേടിയത്. കേരളത്തിലും തങ്കലാന് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. 3 കോടി മാത്രമാണ് ചിത്രത്തിന് ഇവിടെ നിന്ന് നേടാനായത്. ഗോകുലം മൂവീസ് ആയിരുന്നു കേരളത്തിൽ 'തങ്കലാൻ' പ്രദർശനത്തിന് എത്തിച്ചത്.
നോർത്ത് മാർക്കറ്റിലും സ്ഥിതി മറിച്ചല്ല. തമിഴിൽ റിലീസ് ചെയ്ത് ഏകദേശം 20 ദിവസത്തിന് ശേഷമാണ് ചിത്രം ഹിന്ദിയിൽ റിലീസ് ചെയ്തത്. 1.40 കോടി രൂപ മാത്രമാണ് ചിത്രത്തിന് അവിടെ നിന്ന് നേടാനായത്. ഓവർസീസ് മാർക്കറ്റിലും കുതിപ്പുണ്ടാകാൻ തങ്കലാന് സാധിച്ചിരുന്നില്ല. 15.25 കോടി നേടി ചിത്രം പ്രദർശനം അവസാനിപ്പിച്ചു. ചിത്രത്തിലെ വിക്രമിന്റെയും പാർവതിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ ആണ് ചിത്രം നിർമിച്ചത്. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാന് സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്.
Content Highlights: Reports That Netflix Backs From Thangalaan OTT Release And Amazon Prime To Be The Next OTT Partner