പ്രണയവിലാസം എന്ന സിനിമയിലെ അഭിനയം കണ്ടിട്ടാണ് ബസൂക്കയിലേക്ക് മമ്മൂട്ടി തന്നെ നിർദേശിച്ചതെന്ന് നടൻ ഹക്കീം ഷാജഹാൻ. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. ബസൂക്കയിലെ കഥാപാത്രത്തിനെക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും അത് വൈകാതെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ വെളിപ്പെടുത്തുമെന്നും ഹക്കീം ഷാജഹാൻ പറഞ്ഞു.
പ്രണയവിലാസം എന്ന ചിത്രം കണ്ടതിന് ശേഷം മമ്മൂട്ടിയാണ് തന്നെ ബസൂക്കയിലേക്ക് നിർദേശിച്ചത്. 'അവനെ വെച്ചാൽ മതി, ആ സിനിമയിൽ നന്നായി അഭിനയിച്ചിട്ടുണ്ട്' എന്ന് മമ്മൂട്ടി പറഞ്ഞതായി നേരത്തെ അറിഞ്ഞിരുന്നു. ചിത്രം മമ്മൂട്ടി കുടുംബമായി ഇരുന്നാണ് കണ്ടത്. മൂന്ന് ആർട്ടിസ്റ്റുകൾ വന്നതിൽ തന്നെ സെലക്ട് ചെയ്തത് മമ്മൂട്ടിയാണ്. ഹക്കീം ഷാജഹാൻ പറഞ്ഞു.
ബസൂക്കയുടെ ചിത്രീകരണം തുടങ്ങിയ രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും മമ്മൂട്ടി ഒന്നും പറയാതെ വന്നപ്പോൾ അങ്ങോട്ട് ചെന്ന് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ആ സിനിമ കണ്ടത് കൊണ്ടാണ് ബസൂക്കയിൽ ഞാൻ ഇപ്പോൾ അഭിനയിക്കുന്നതെന്ന് മമ്മൂട്ടി പറയുന്നത്. പ്രണയവിലാസം എന്ന സിനിമയിലെ കഥാപത്രത്തെക്കുറിച്ചും സിനിമയിൽ എത്തിപ്പെട്ടതിനെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചു. മമ്മൂട്ടി ആ കഥാപത്രത്തെ ശ്രദ്ധിച്ചിരുന്നുവെന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും ഹക്കീം പറഞ്ഞു.
പ്രണയ വിലാസം എന്ന ചിത്രത്തിന് ശേഷമാണ് പ്രേക്ഷകർ കൂടുതലും ശ്രദ്ധിച്ച് തുടങ്ങിയതെന്നും തുടരെ സിനിമകൾ ലഭിക്കുന്നതെന്നും ഹക്കീം വ്യക്തമാക്കി.
Content Highlights: Actor Hakeem Shahjahan said that Mammootty recommended him to Bazooka