ആലിയ ഭട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രമാണ് 'ഗംഗുഭായ് കത്തിയവാടി'. ആലിയ ഭട്ടും സഞ്ജയ് ലീല ബൻസാലിയും ആദ്യമായി ഒന്നിച്ച ചിത്രമാണിത്. മുൻപ് രണ്ടു ചിത്രങ്ങൾക്കായി ഇരുവരും ഒന്നിക്കാനിരുന്നെങ്കിലും ചില കാരണങ്ങളാൽ ആ രണ്ട് സിനിമകളും ഉപേക്ഷിച്ചിരുന്നു. സൽമാൻ ഖാനെ നായകനാക്കി ബൻസാലി ഒരുക്കാനിരുന്ന 'ഇൻഷാ അല്ലാഹ്' എന്ന ചിത്രത്തിൽ നായികയായി കാസ്റ്റ് ചെയ്തത് ആലിയ ഭട്ടിനെ ആയിരുന്നു. ചിത്രം ഉപേക്ഷിച്ചത് ആലിയയെ വലിയ രീതിയിൽ തളർത്തിയെന്ന് പറയുകയാണ്
സഞ്ജയ് ലീല ബൻസാലി.
"ചിത്രം നടക്കാതെ പോയത് ആലിയയെ ഒരുപാട് തകര്‍ത്തു. മുറി അടച്ചിരുന്ന് കരയുകയായിരുന്നു അവര്‍. പിന്നീട് ഒരാഴ്ച കഴിഞ്ഞാണ് ഗംഗുഭായി ആകാന്‍ ഞാന്‍ ആലിയയെ വിളിക്കുന്നത്," സഞ്ജയ് ലീല ബന്‍സാലി പറഞ്ഞു.
ഗംഗുഭായി കത്തിയവാടി എന്ന ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയായി അഭിനയിക്കാൻ കഴിയുമെന്ന് ആലിയക്ക് ആദ്യം ഉറപ്പില്ലായിരുന്നു. എന്നാൽ ചിത്രം ആരംഭിച്ചതിന് ശേഷം അവൾ അത് ആസ്വദിച്ചു തുടങ്ങി. ഇപ്പോഴും പല സമയത്ത് ആലിയ ഗംഗുഭായിയെ പോലെയാണ് സംസാരിക്കുന്നതെന്നും സഞ്ജയ് ലീല ബൻസാലി പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ബൻസാലി ഇക്കാര്യം പറഞ്ഞത്.
'ലോസ് ആഞ്ചലസിൽ ( 'ഇൻഷാ അല്ലാഹ്'യുടെ ലൊക്കേഷൻ) വെച്ച് ഒരു കഥാപാത്രം അവതരിപ്പിക്കാനിരുന്ന ഞാൻ എങ്ങനെയാണ് അവിടെ നിന്നും കാമാത്തിപുരയിലേക്ക് എത്തുകയെന്നും എനിക്ക് ഈ കഥാപാത്രത്തെക്കുറിച്ച് ഒന്നുമറിയിലല്ലോ? എന്നും ആലിയ എന്നോട് ചോദിച്ചു. നിന്റെയുള്ളിലെ ശക്തയായ സ്ത്രീയെ പുറത്തു കൊണ്ടു വരാൻ എനിക്ക് അറിയാം. നിന്റെ കണ്ണുകളിൽ ഞാൻ അത് കണ്ടിട്ടുണ്ട്. ഈ കഥാപാത്രം നിനക്ക് ചെയ്യാൻ സാധിക്കും എന്നായിരുന്നു എന്‍റെ മറുപടി," സഞ്ജയ് ലീല ബൻസാലി പറഞ്ഞു.
എസ് ഹുസൈൻ സെയ്ദി രചിച്ച മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഗംഗുഭായ് കോട്ടേവാലിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് സഞ്ജയ് ലീല ബൻസാലി ഗംഗുഭായ് കത്തിയവാടി ഒരുക്കിയത്. 72ാമത് ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ അടക്കം പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ആലിയ ഭട്ടിന്റെ പ്രകടനത്തിനും സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനമികവിനും ഏറെ അഭിനന്ദങ്ങൾ ലഭിച്ചിരുന്നു. ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു.
69ാം ദേശീയ പുരസ്കാരത്തിൽ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർഡും ആലിയ ഭട്ട് സ്വന്തമാക്കിയിരുന്നു. അജയ് ദേവ്ഗൺ, വിജയ് റാസ്, ജിം സർഭ്, ശന്തനു മഹേശ്വരി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
Content Highlights: Alia Bhatt broke down after inshallah got shelved