ഒരു സെലിബ്രിറ്റി വെഡ്ഡിങ് കഴിഞ്ഞാൽ പിന്നെ സോഷ്യൽ മീഡിയ നിറയെ അതിന്റെ ചിത്രങ്ങളും വീഡിയോകളും നിറയാറുണ്ട്. പക്ഷെ, ചില ചിത്രങ്ങളല്ലാതെ, നയന്‍താരയുടെയും
സംവിധായകന് വിഘ്നേശ് ശിവന്റെയും വിവാഹത്തിന്റെ വീഡിയോ ഒന്നും പുറത്തുവന്നിട്ടില്ല. നെറ്റ്ഫ്ളിക്സാണ് ഈ വിവാഹം ഡോക്യുമെന്റ് ചെയ്ത് വീഡിയോ ആയി പുറത്തിറക്കാനിരുന്നത്. എന്നാല്‍ 2022 ല്‍ നടന്ന വിവാഹത്തിന്റെ വീഡിയോ ചില കാരണങ്ങളാല്‍ നീണ്ടുപോയി. ഇനി ഈ വിവാഹ ഡോക്യുമെന്ററിയില്‍ കാലതാമസമുണ്ടാകില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
'നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ' എന്ന് പേരിട്ടിരിക്കുന്ന വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. റിലീസ് എന്നാണെന്ന് അറിയിച്ചിട്ടില്ലെങ്കിലും ഒരു മണിക്കൂർ 21 മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം എന്നതടക്കമുള്ള വിവരങ്ങള്‍ ഈ ലിങ്കില്‍ കാണാം. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
വിവാഹം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളിലായി ഡോക്യുമെന്ററിയുടെ ഒരു ടീസര്‍ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടിരുന്നു. തമ്മിൽ കണ്ടുമുട്ടിയതിനെ കുറിച്ചും, പ്രണയത്തെപ്പറ്റിയുമെല്ലാം താരജോഡികൾ ഈ ടീസറില്‍ സംസാരിച്ചിരുന്നു. അന്ന് മുതല്‍ വീഡിയോക്കായി ആകാംക്ഷപൂര്‍വം ആരാധകര്‍ കാത്തിരിക്കുകയാണ്.
രജനികാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്നം, ആര്യ, സൂര്യ, അറ്റ്ലി, എ ആര് റഹ്മാൻ തുടങ്ങി ഇന്ത്യയിലെ വിവിധ സിനിമാ ഇൻഡസ്ട്രികളിലെ പ്രമുഖര്‍ നയന്‍താര-വിഘ്നേശ്
വിവാഹചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ നിരവധി ആരാധകരും വീഡിയോക്കായി കാത്തിരിക്കുന്നുണ്ട്. അതേസമയം, രണ്ട് വർഷമായി ഈ വീഡിയോ പുറത്തിറക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്.
Content Highlights: Nayanthara and Vignesh Shivan's wedding documentary coming soon netflix