മുംബൈ മാമി ഫെസ്റ്റിവലിൽ ഓപ്പണിങ് ചിത്രം, തുടർന്ന് തിയേറ്ററിലേക്ക്; ഞെട്ടിക്കാനൊരുങ്ങി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയത്

dot image

കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം സൃഷ്ടിച്ച പായൽ കപാഡിയ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' പ്രദർശനത്തിനൊരുങ്ങുകയാണ്. മുംബൈയിലെ മാമി ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിങ് ചിത്രമായി പ്രദർശിപ്പിച്ചതിന് ശേഷം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' നവംബറിൽ തിയേറ്ററുകളിലെത്തും. കനി കുസൃതി, ദിവ്യപ്രഭ എന്നിവർ അഭിനയിച്ച ചിത്രം ഒക്ടോബർ 18 ന് ഫിലിം ഗാലയിൽ പ്രീമിയർ ചെയ്യും.

നേരത്തെ കേരളത്തിലെ വളരെ കുറച്ച് തിയറ്ററുകൾ ചിത്രം പ്രദർശിപ്പിച്ചിരുന്നു. റാണാ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവൽ മുതൽ ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിക്കുന്നത്. ഛായ കദം, ഹൃധു ഹാറൂൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മാമിയിൽ നിന്ന് ആരംഭിച്ച് ഈ നവംബറിൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഇന്ത്യൻ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവരുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്ന് സ്പിരിറ്റ് മീഡിയ സ്ഥാപകൻ റാണാ ദഗ്ഗുബതി പറഞ്ഞു.

Content Highlights: All we imagine as light to open in mami film festival followed by theatrical release

dot image
To advertise here,contact us
dot image