ഏറെ വേദനയോടെയാണ് മെയ്യഴകന്‍ സിനിമയിലെ ഭാഗങ്ങള്‍ വെട്ടിക്കുറച്ചതെന്ന് സംവിധായകന്‍ പ്രേംകുമാര്‍. മെയ്യഴകന് കേരളത്തിൽ നിന്നും ഓവർസീസ് മാർക്കറ്റില്‍ നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ തമിഴ്നാട്ടിൽ ഒരു വലിയ വിഭാഗം പ്രേക്ഷകർക്ക് സിനിമ കണക്ട് ആയില്ലെന്നും ചിത്രത്തെ ട്രിം ചെയ്യേണ്ടി വരും എന്ന് മനസ്സിലായപ്പോൾ അത് ഒരുപാട് വേദന നൽകിയെന്നും സംവിധായകൻ പ്രേംകുമാർ പറഞ്ഞു.
നമ്മുടെ സിനിമയിൽ നിന്ന് നമ്മൾ തന്നെ സീനുകൾ വെട്ടിമാറ്റണം എന്ന വേദനയേക്കാൾ, പ്രേക്ഷകർക്ക് കണക്ട് ആകണം എന്ന് വിചാരിച്ച വച്ച സീനുകളില്‍ അങ്ങനെ സംഭവിച്ചില്ലല്ലോ എന്നോർത്താണ് സങ്കടം തോന്നിയതെന്നും പ്രേംകുമാർ വിശദീകരിച്ചു. ഗലാട്ടക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രേംകുമാർ ഇക്കാര്യം പറഞ്ഞത്.
'ഓവർസീസ് മാർക്കറ്റില്‍ നിന്നും നല്ല പ്രതികരണമായിരുന്നു സിനിമക്ക് ലഭിച്ചത്. എനിക്ക് ഒരുപാട് കോളുകൾ ആണ് അവിടെ നിന്നും വന്നത്. കേരളത്തിൽ സിനിമ കണക്ട് ആകുകയും ട്രിം ചെയ്യാത്ത വേർഷന്‍ നല്ല അഭിപ്രായം നേടുകയും ചെയ്തു. ചിത്രം അവിടെ ഹിറ്റായിരുന്നു. പക്ഷെ നമ്മുടെ നാട്ടിൽ ചിത്രം ഒരു വലിയ വിഭാഗം പ്രേക്ഷകർക്ക് കണക്ട് ആയില്ല, അതുകൊണ്ട് ട്രിം ചെയ്യേണ്ടി വരുമെന്ന് മനസ്സിലായപ്പോൾ ഏറെ വേദന തോന്നി," പ്രേംകുമാർ പറഞ്ഞു.
കാർത്തി, അരവിന്ദ് സാമി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'മെയ്യഴകൻ'. സെപ്റ്റംബർ 27 നായിരുന്നു തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമായിരുന്നു സിനിമക്ക് ലഭിച്ചത്. കാർത്തിയുടെയും അരവിന്ദ് സാമിയുടെയും പ്രകടനങ്ങൾക്ക് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. എന്നാല്‍, ചിത്രത്തിന്റെ ദൈർഘ്യം കൂടുതലാണെന്ന വിമർശനമുയർന്നതിനെ തുടര്‍ന്ന് 18 മിനിറ്റോളം ട്രിം ചെയ്തിരുന്നു.
നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഹേന്ദ്രൻ രാജു ഛായാഗ്രഹണം നിർവ്വഹിക്കുന്ന മെയ്യഴകനായി, ആർ. ഗോവിന്ദരാജാണ് എഡിറ്റിങ് കൈകാര്യം ചെയ്തത്.
Content Highlights: It was very painful to trim Meiyazhagan even with good reviews says Premkumar