നടൻ ടി പി മാധവന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാര്‍. തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. മന്ത്രിയായ ശേഷം ആദ്യമായി ഗാന്ധിഭവനിൽ എത്തിയപ്പോൾ വിശേഷങ്ങൾ പങ്കുവെക്കുന്നതിനും അഭിനന്ദിക്കുന്നതിനും അദ്ദേഹം ഓടിയെത്തി. അദ്ദേഹത്തിന്റെ വേർപാടിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതായി കെ ബി ഗണേഷ് കുമാർ കുറിച്ചു.
'മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന എന്റെ പ്രിയപ്പെട്ട ടി പി മാധവൻ ചേട്ടൻ. ഏറെ നാളായി അദ്ദേഹം പത്തനാപുരം ഗാന്ധിഭവനിലായിരുന്നു താമസം. ഓരോ തവണ ഗാന്ധിഭവനിൽ ഞാൻ ചെല്ലുമ്പോഴും സുഖവിവരങ്ങൾ അന്വേഷിക്കുമായിരുന്നു. മന്ത്രിയായ ശേഷം ഞാൻ ആദ്യമായി ഗാന്ധിഭവനിൽ എത്തിയപ്പോൾ വിശേഷങ്ങൾ പങ്കുവയ്ക്കുവാനും അഭിനന്ദിക്കുവാനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും ആദ്യം ഓടി എത്തിയത് മാധവൻ ചേട്ടൻ ആയിരുന്നു. എനിക്ക് ഏറെ പ്രിയപ്പെട്ട മാധവൻ ചേട്ടന്റെ വേർപാടിൽ ആദരാജ്ഞലികൾ നേരുന്നു,' കെ ബി ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ.
കൊല്ലത്തെ എൻ എസ് സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു ടി പി മാധവൻ അന്തരിച്ചത്. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് മറവി രോഗവും പിടിപെട്ടിരുന്നു.
പ്രശസ്ത അധ്യാപകൻ പ്രഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. 1975 ൽ പുറത്തിറങ്ങിയ രാഗം എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് വരുന്നത്. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്.
പിന്നീട് ഉയരങ്ങളിൽ, നാടോടിക്കാറ്റ്, സർവകലാശാല, മൂന്നാം മുറ, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇന്നലെ, തലയണമന്ത്രം, അടയാളം, വിയറ്റ്നാം കോളനി, പിൻഗാമി, മിന്നാരം തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2016 ൽ പുറത്തിറങ്ങിയ മാൽഗുഡി ഡേയ്‌സ് ആണ് അവസാന ചിത്രം. അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടി പി മാധവൻ. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.
Content Highlights: K B Ganesh Kumar condoles on the demise of Actor T P Madhavan