മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'എൽ 360' വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത് എന്ന സൂചന ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. അതിനാൽ തന്നെ സിനിമയുടെ റിലീസിനായി സിനിമാപ്രേമികൾ കാത്തിരിക്കുകയുമാണ്. ഇപ്പോഴിതാ സിനിമയുടെ അടുത്ത ഷെഡ്യൂൾ ആരംഭിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ചെന്നൈയിലാണെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ആഴ്ചയിൽ താഴെ മാത്രം നീണ്ടുനിൽക്കുന്ന ചെറിയ ഷെഡ്യൂളായിരിക്കുമിത് എന്നാണ് സൂചന. ഈ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം എൽ 360 ടീം പാലക്കാട്ടേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. പാലക്കാട് ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ചിത്രത്തിൻ്റെ അഞ്ചാമത്തെയും അവസാനത്തെയും ഷെഡ്യൂൾ തൊടുപുഴയിൽ നടക്കുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തെയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്.
മലയാളത്തിന്റെ എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് എൽ 360. 2004 ൽ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റായ കെ ആർ സുനിൽ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുമുണ്ട്.
Content Highlights: Mohanlal-Tharun Moorthy movie L 360 next schedule at Chennai