പോലീസുകാരനായും ഡോക്ടറായും ബാങ്ക് മാനേജറായും കമ്പനി മുതലാളിയായും കാര്യസ്ഥനായും അയൽവാസിയായുമൊക്കെ എണ്ണിയാൽ ഒതുങ്ങാത്തയത്രയും വേഷങ്ങൾ ചെയ്ത നടനാണ് ടി പി മാധവൻ. ഹാസ്യ വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലുമല്ലാം അദ്ദേഹം ഒരുപോലെ തിളങ്ങിയിട്ടുണ്ട്. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ആ കഥാപാത്രങ്ങൾ ഇന്നും മലയാളിയുടെ മനസിൽ നിറഞ്ഞുനിൽക്കുന്നവയാണ്.
'നന്ദി പ്രിൻസി, ഒരായിരം നന്ദി' എന്ന് പറയുന്ന നോവൽ പ്രേമിയായ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ അതിനൊരു ഉദാഹരണമാണ്. വളരെ കുറച്ച് നേരം മാത്രമേ ആ കഥാപാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ. എന്നാൽ ആ ഡയലോഗും ആ രംഗവും ഒരു മലയാളിയും മറക്കില്ല. ആ കഥാപാത്രം മാത്രമല്ല, ഇനിയുമുണ്ട് ഉദാഹരണങ്ങൾ…
നാടോടിക്കാറ്റിൽ ദാസനെയും വിജയനെയും പിടിച്ച് പുറത്താക്കുന്ന മാനേജർക്ക് ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ? ചിരിയുടെ മേമ്പൊടിയൊന്നുമില്ലാത്ത നരസിംഹത്തിലെ കാര്യസ്ഥൻ രാമൻ നായരും ആ നടന്റെ മികവുറ്റ കഥാപാത്രങ്ങൾക്ക് മറ്റൊരു ഉദാഹരണമാണ്. അങ്ങനെ കരിയറിൽ ഉടനീളം 600 ഓളം കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്.
1975 ൽ പുറത്തിറങ്ങിയ രാഗം എന്ന സിനിമയിലൂടെയാണ് ടി പി മാധവൻ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്, അതിന് കാരണമായതോ മഹാനടൻ മധുവും. ആദ്യകാലത്ത് നെഗറ്റീവ് വേഷങ്ങളായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. പിന്നീട് ഹാസ്യകഥാപാത്രങ്ങളും ഏറെ അവതരിപ്പിച്ചു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു ഒരു കാലത്ത് അദ്ദേഹം.
കരിയറിന്റെ അവസാനകാലത്ത് സിനിമയുടെ ഗ്ലാമറിൽ നിന്നെല്ലാം മാറിനിന്ന് ടിപി മാധവൻ കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് മറവി രോഗവും പിടിപെട്ടിരുന്നു.
Content Highlights: T P Madhavan the actor who did splendid roles in Malayalam Cinema