ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ ഓരോ മലയാളി പ്രേക്ഷകന്റെയും ഓർമയിൽ തങ്ങി നിൽക്കുന്ന മുഖമായിരുന്നു ടി പി മാധവൻ. 1975 മുതല്‍ മലയാള ചലച്ചിത്ര രംഗത്ത് സജീവമായ നടന്‍ അറുനൂറിലധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ ജീവിതത്തിന്റെ അവസാന നാളുകളിൽ ഒറ്റപ്പെട്ടുപോയ ഇദ്ദേഹം പിന്നീട് കാലം കഴിച്ചു കൂട്ടിയത് പത്തനാപുരം ഗാന്ധി ഭവനത്തിലെ ഒറ്റ മുറിയിലായിരുന്നു.
കഴിഞ്ഞ വർഷത്തെ ഓണത്തിന് ഗാന്ധിഭവൻ പകർത്തിയ ടി പി മാധവന്റെ ഹൃദയസ്പർശിയായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പലതും ഓർത്തെടുത്ത് പറയാൻ ടി പി മാധവൻ ശ്രമിക്കുന്നുണ്ടെങ്കിലും പലതിനും വ്യക്തതയില്ല. സിനിമാ മേഖലയിൽ നിന്ന് ആരെങ്കിലും കാണാൻ വരണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് 'തന്നെ കാണാൻ ആര് വരാനാണ്' എന്ന നിഷ്കളങ്കമായ മറുപടിയാണ് മാധവൻ നൽകിയത്. പലരെയും കാണാൻ ആഗ്രഹിച്ചിരുന്നെങ്കിലും ആ ആഗ്രഹങ്ങളെല്ലാം നശിച്ച് ഓർമയില്ലാത്ത അവസ്ഥയിലായിരുന്നു അവസാന നാളുകളിൽ ആ പ്രതിഭ കഴിഞ്ഞിരുന്നത്.
എട്ടു വർഷമായി ടി.പി. മാധവൻ ഗാന്ധിഭവനിൽ എത്തിയിട്ട്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് അദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ശേഷം ഒന്നുരണ്ടു സീരിയലുകളിലും സിനിമകളിലും അഭിനയിച്ചെങ്കിലും പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന മാധവനെ കാണാൻ സുരേഷ് ഗോപി, ഗണേഷ് കുമാർ, ജയരാജ് വാര്യർ, നടി ചിപ്പി, എം.രഞ്ജിത്, മധുപാൽ തുടങ്ങി ചുരുക്കം ചില സഹപ്രവർത്തകർ മാത്രമാണ് എത്തിയിരുന്നത്.
രാഗം എന്ന സിനിമയിലൂടെയാണ് ടി.പി. മാധവന്‍ തന്റെ നാല്‍പതാം വയസില്‍ സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ പിന്നീട് കോമഡി റോളുകളിലേക്കും സ്വഭാവവേഷങ്ങളിലേക്കും മാറുകയായിരുന്നു. 1994 മുതല്‍ 1997 വരെ താരസംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. 2000 മുതല്‍ 2006 വരെ അമ്മയുടെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
Content Highlights : TP Madhavan's Life in the Gandhi bhavan