സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ വേട്ടയ്യൻ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തതത്. ആദ്യ ദിവസം തന്നെ മുപ്പത് കോടിക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്തു. ബോക്‌സോഫീസ് പവറിനൊപ്പം നിരൂപക പ്രശംസയും ചിത്രത്തിന് ലഭിക്കുന്നുണ്ട്. സ്ഥിരം തമിഴ് മാസ് മസാല ചിത്രത്തിന് പകരം പ്രാധാന്യം അർഹിക്കുന്ന രണ്ട് വിഷയങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
രജനികാന്തിനൊപ്പം അമിതാഭ് ബച്ചൻ, മഞ്ജുവാര്യർ, ഫഹദ് ഫാസിൽ, ദുഷാര വിജയൻ, റാണ ദഗ്ഗുബതി , റിതിക സിങ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിൽ നിരവധി മലയാളി താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിനും മഞ്ജു വാര്യർക്കും പുറമെ എട്ടിൽ അധികം മലയാളികളാണ് ചിത്രത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്ന കന്യാകുമാരി എസ്പി അതിയന്റെ ഭാര്യ താര അതിയൻ ആയാണ് ചിത്രത്തിൽ മഞ്ജു വാര്യർ എത്തുന്നത്. കേവലം നായിക റോളിന് അപ്പുറത്ത് കൈയ്യടി നേടുന്ന രംഗങ്ങളും മഞ്ജുവിന്റെതായി ഉണ്ടായിരുന്നു.
ഫഹദ് ഫാസിലാണ് ചിത്രത്തിലെ മറ്റൊരു മലയാളി താരം. പാട്രിക് എന്ന 'ബാറ്ററി'യായിട്ടാണ് ഫഹദ് എത്തിയിരിക്കുന്നത്. സാബു മോനും അഭിരാമിയുമാണ് ചിത്രത്തിൽ പ്രധാന റോളുകളിൽ എത്തിയ മറ്റു രണ്ട് മലയാളി താരങ്ങൾ. നാറ്റ് എജ്യുക്കേഷണലിന്റെ മാനേജർ ആയ ശ്വേത ദക്ഷിണാമൂർത്തിയായിട്ടാണ് അഭിരാമി എത്തുന്നത്. ഗുണ്ട നേതാവ് ആയ കുമരേശനായിട്ടാണ് സാബുമോൻ അഭിനയിച്ചത്.
സംസ്ഥാന പുരസ്‌കാര ജേതാവായ തന്മയ സോളും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ അസൽ കോലാർ അവതരിപ്പിച്ച ഗുണ എന്ന കഥാപാത്രത്തിന്റെ സഹോദരിയായിട്ടായിരുന്നു തന്മയ സോൾ അഭിനയിച്ചത്. ഇവർക്ക് പുറമെ രമ്യ സുരേഷ്, അലൻസിയർ ലേ ലോപ്പസ്, ദിവ്യ എം, ഷാജി ചെൻ, നിർമാതാവ് എവി അനൂപ് എന്നീ മലയാളികളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ദുഷാര അവതരിപ്പിച്ച ശരണ്യയുടെ അമ്മയായിട്ടാണ് രമ്യ സുരേഷ് എത്തിയത്. മജിസ്‌ട്രേറ്റുമാരായിട്ടായിരുന്നു ദിവ്യ എം, അലൻസിയർ ലേ ലോപ്പസ് എന്നിവർ അഭിനയിച്ചത്. ചെന്നൈ കമ്മീഷ്ണർ ആയിട്ടാണ് എഴുത്തുകാരനും മലയാളിയുമായ ഷാജി ചെൻ അഭിനയിച്ചത്. എംവിഎം പ്രൊഡക്ഷൻസിന്റെ സാരഥിയും നിർമാതാവുമായ എവി അനൂപും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എൻകൗണ്ടർ നടത്തിയ പോലീസുകാരുടെ കേസ് കൈകാര്യം ചെയ്യുന്ന കോടതിയിലെ ജഡ്ജ് ആയിട്ടായിരുന്നു അനൂപ് അഭിനയിച്ചത്.
ചിത്രത്തിന് കേരളത്തിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എൻകൗണ്ടർ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസിൻറെ ബാനറിൽ സുഭാസ്‌കരൻ അല്ലിരാജ നിർമിച്ച ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.
ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. തിരുവനന്തപുരം, തിരുനെൽവേലി, ചെന്നൈ, മുംബൈ, ഹൈദരാബാദ്, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു വേട്ടയ്യന്റെ ചിത്രീകരണം നടന്നത്.
Content Highlights : Malayalee actors in Vettaiyan movie