
മേപ്പടിയാന്‍ എന്ന ചിത്രം നിരസിച്ചതിനെ കുറിച്ചുള്ള നടി നിഖില വിമലിന്‍റെ പ്രതികരണം വെെറലാകുന്നു. ഉണ്ണി മുകന്ദൻ നായകനായെത്തിയ മേപ്പടിയാൻ എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചതാണെന്നും അതില്‍ കാര്യമായൊന്നും അഭിനയിക്കാന്‍ ഇല്ലാതിരുന്നതുകൊണ്ട് കഥാപാത്രം നിരസിക്കുകയായിരുന്നു എന്നുമാണ് നിഖില വിമല്‍ പറയുന്നത്. കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നല്‍കിയ ഒരു അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വെെറലാകുന്നത്.
കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹന്‍റെ ആദ്യ ചിത്രമായിരുന്നു മേപ്പടിയാൻ. ചിത്രത്തിലെ നായികാവേഷം നിഖിലയും അനുശ്രീയും നിരസിച്ചിരുന്നു. ഇതേ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന്, വിഷ്ണു കഥ പറഞ്ഞപ്പോൾ അതിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഉണ്ടായിരുന്നില്ലെന്നായിരുന്നു നിഖിലയുടെ മറുപടി.
'ആദ്യം സിനിമയുടെ കഥ പറയാൻ വരുമ്പോൾ അതിൽ ഒന്നും ഉണ്ടായിരുന്നില്ല. കുട്ടി ജീപ്പിൽ വരുന്നു പോകുന്നു എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ സ്ക്രിപ്റ്റ് ചോദിച്ചു. സ്ക്രിപ്റ്റ് കുത്തിവരച്ചിരിക്കുകയാണ്, തരാൻ കഴിയില്ലെന്നാണ് പറഞ്ഞത്. അപ്പോൾ എനിക്ക് മനസിലായി ഇതിൽ ഒരു തേങ്ങയും ഇല്ലെന്ന്. അങ്ങനെയാണ് ചിത്രം ചെയ്യാതിരുന്നത്. അതിനുശേഷമാണ് എനിക്ക് വാഗ്ദാനം ചെയ്ത വേഷം അഞ്ജുവിന് നല്‍കുന്നത്. അഞ്ജു വായിച്ച സ്ക്രിപ്റ്റില്‍ കുറെക്കൂടി വിശദാംശങ്ങളുണ്ടായിരുന്നു,' നിഖില പറഞ്ഞു.
വിവിധ സമൂഹമാധ്യമങ്ങളില്‍ ഈ നിഖിലയുടെ ഈ വാക്കുകള്‍ ചര്‍ച്ചയാകുന്നുണ്ട്. ചിലർ നടിക്കെതിരെ ട്രോളുകളുമായി രംഗത്തു വന്നിട്ടുണ്ടെങ്കിലും കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സ്വാഭാവികമായ പ്രതികരണം മാത്രമാണിതെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: Nikhila Vimal clarified the reason for rejecting the film Mepadiyaan