രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിൽ ആദ്യ ദിനം 30 കോടിയ്ക്കു മുകളിലാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ റിലീസ് ചെയ്ത് 24 മണിക്കൂർ തികയും മുന്നേ ചിത്രത്തിന്റെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുകയാണ്. അവധി ദിവസം കണക്കിലെടുത്ത് ചിത്രത്തിന്റെ കളക്ഷനിൽ കാര്യമായ കുതിപ്പ് പ്രതീക്ഷിച്ചിരിയ്ക്കുമ്പോഴാണ് ഈ തിരിച്ചടി.
സമീപ കാലത്തായി തിയേറ്ററിൽ റിലീസാകുന്ന ചിത്രങ്ങളുടെ വ്യാജ പകർപ്പുകൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സ്ഥിരം കാഴ്ചയായിക്കൊണ്ടിരിക്കുകയാണ്. വലിയ മുതൽ മുടക്കിൽ റീലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഇത് കനത്ത നഷ്ടമാണ് വരുത്തിവെക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് പല തവണ നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. ജയിലർ, ജവാൻ, ലിയോ, ഗോട്ട്, ഇന്ത്യൻ 2 , മഞ്ഞുമ്മൽ ബോയ്സ്, അജയന്റെ രണ്ടാം മോഷണം തുടങ്ങി നിരവധി ചിത്രങ്ങളുടെ വ്യാജപതിപ്പ് ഇത്തരത്തിൽ ഇറങ്ങിയിട്ടുണ്ട്.
അതേസമയം, കണ്ടുമടുത്ത കൊമേഴ്സ്യൽ എലമെൻ്റുകളെ മാറ്റി നിർത്തി കഥക്ക് മുൻതൂക്കം നൽകി ഒരുക്കിയ ചിത്രമാണ് വേട്ടയ്യൻ എന്നാണ് ആദ്യ ദിനത്തിലെ പ്രതികരണങ്ങളിൽ കാണാനാകുന്നത്.
പൊലീസ് എൻകൗണ്ടറുകളെക്കുറിച്ച് പറയുന്ന ചിത്രം വളരെ ഗൗരവത്തോടെയുള്ള കഥപറച്ചിൽ രീതിയാണ് പിന്തുടരുന്നത്.
ചിത്രത്തിൽ തലൈവർക്കൊപ്പം ഫഹദിന്റെ കഥാപാത്രവും പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ്. സീരിയസ് ആയി പോകുന്ന ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രം ചിരിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.
Content Highlights: Rajinikanth 'Vettaiyan' movie leaked on piracy sites