'തല്ലുമാല'ക്ക് ശേഷം, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന.' നസ്‌ലിനൊപ്പം ഗണപതി, ലുക്ക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഇതൊരു വെറും ഇടി പടം മാത്രമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.
‘ആദ്യമായിട്ടാണ് ബോക്‌സിങ് ഴോണറില്‍ മലയാളത്തില്‍ ഒരു സിനിമ വരുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രണ്ടുപേര്‍ തമ്മില്‍ തല്ലുപിടിക്കുന്നത് കാണാന്‍ ഇഷ്ടമില്ലാത്ത ആരുമില്ല. തല്ലുമാലയില്‍ കുറേപേര്‍ തല്ലുപിടിക്കുന്നതാണ് കാണിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ മാത്രമാണ് തല്ലുപിടിക്കുന്നത്. പിന്നെ ഇതൊരു സ്‌പോര്‍ട്ടാണ്. അല്ലാതെ വെറുമൊരു തല്ലുപിടുത്തമായി കാണരുത്. പോയിന്റുകള്‍ക്ക് വേണ്ടി മാത്രം മത്സരിക്കുന്നതാണ്. പരിക്കേൽപ്പിക്കാനോ രക്തം ചൊരിയിക്കാനോ വേണ്ടിയല്ല ഫൈറ്റ് ചെയ്യുന്നത്. പോയിന്റിന് വേണ്ടി മാത്രം മത്സരിക്കുന്ന സ്‌പോര്‍ട്ടാണ് ബോക്‌സിങ്.
'എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു സ്‌പോര്‍ട്ടാണ് ബോക്‌സിങ്. പണ്ടുമുതലേ ഞാന്‍ സ്‌പോര്‍ട്‌സ് ഫോളോ ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ഒരു സ്‌പോര്‍ട്‌സ് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു ആലോചന വന്നപ്പോൾ എന്തുകൊണ്ട് ബോക്‌സിങ് ചെയ്തുകൂടെന്ന് ചിന്തിച്ചു, ജിംഖാന എന്ന വാക്കിന് ബോക്‌സിങുമായി ഒരു ബന്ധവും ഇല്ലെന്നും കായിക ഇനങ്ങൾക്ക് വേണ്ടി ഒത്തുകൂടുന്ന സ്ഥാനം എന്ന അർത്ഥമേയുള്ളൂ.' ഖാലിദ് റഹ്മാൻ പറഞ്ഞു.
പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
Content Highlights: khalid rahman about naslen film Alappuzha Gymkhana