ഇനിയും പുറത്തു വരാത്ത ഒരുപാട് ലൈംഗിക അതിക്രമങ്ങൾ സിനിമ സെറ്റുകളിൽ നടന്നിട്ടുണ്ടെന്നും അങ്ങനെ നോക്കുമ്പോൾ സിനിമ ഇൻഡസ്ട്രിയിലെ വളരെ ബഹുമാന്യരായ പല ആളുകളും പ്രശ്നക്കാരാണെന്നും നടി കൊങ്കണ സെൻ ശർമ്മ. ജാതിയുടെയും, വർഗത്തിന്റെയും അടിസ്‌ഥാനത്തിൽ സിനിമയിൽ വേർതിരിവുകൾ ഉണ്ട്. സെറ്റിൽ ഒരാൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ പലപ്പോഴും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും സുചിത്ര ത്യാഗിക്ക് നൽകിയ അഭിമുഖത്തിൽ കൊങ്കണ സെൻ ശർമ്മ പറഞ്ഞു.
'റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി ലൈംഗിക അതിക്രമങ്ങൾ സിനിമ സെറ്റുകളിൽ സംഭവിച്ചിട്ടുണ്ട്, അവ ഇനിയും പുറത്തു വന്നിട്ടില്ല. അത്തരത്തിലുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതും അതിന് ദൃക്‌സാക്ഷിയാവുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ത്രീകൾ എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത്, അവരുടെ സുരക്ഷ, അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം തടസ്സപ്പെടുന്നത് തുടങ്ങിയ കാര്യങ്ങൾ ഇപ്പോഴും വാർത്തകളിലൂടെ വായിക്കുമ്പോൾ എനിക്ക് വളരെ നിരാശ തോന്നാറുണ്ട്', കൊങ്കണ പറഞ്ഞു.
സിനിമ സെറ്റുകളിൽ സീനിയർ നടികൾക്ക് മാത്രമാണ് ബഹുമാനം ലഭിക്കുന്നതെന്നും കൊങ്കണ പറയുന്നു. ഒരു സീനിയർ നടിയല്ല നിങ്ങളെങ്കിൽ ഫർണിച്ചറുകളെ പോലെയാണ് സിനിമ സെറ്റുകളിൽ നിങ്ങൾ പരിഗണിക്കപ്പെടുകയെന്നും ഇത് എല്ലാ സിനിമ സെറ്റുകളിലും കാണാൻ സാധിക്കുന്നതാണെന്നും കൊങ്കണ പറയുന്നു. ഭക്ഷണം വിളമ്പുന്ന കാര്യത്തിലാണെങ്കിലും ഒരാൾ എവിടെയിരിക്കണമെന്ന് തീരുമാനിക്കുന്ന കാര്യത്തിലാണെങ്കിലും ഒരാൾക്ക് എന്ത് കഴിക്കാൻ അനുവാദമുണ്ട് തുടങ്ങി ഒരുപാട് കാര്യങ്ങൾ നിശ്ചയിക്കുന്നത് ജാതിയുടെയും വർഗത്തിൻ്റെയും അടിസ്ഥാനത്തിലാണെന്നും കൊങ്കണ പറഞ്ഞു.
കില്ലർ സൂപ്പ് എന്ന ക്രൈം ത്രില്ലർ ചിത്രമാണ് കൊങ്കണയുടേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന മെട്രോ ഇൻ ദിനോ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ള കൊങ്കണ ചിത്രം. ആദിത്യ റോയ് കപൂർ, അലി ഫസൽ, പങ്കജ് ത്രിപാഠി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Konkona Sen Sharma revealed a 'hierarchy' exists on film sets based on gender, caste, or class.