അമൽ നീരദ് സിനിമകൾ പൊതുവെ സീരിയസ് വിഷയങ്ങളാണ് കൈകാര്യം ചെയ്യാറുള്ളത്. എന്നാൽ അമൽ നീരദ് സിനിമകളിൽ വന്നു പോകുന്ന ചില കോമഡി സീനുകളാകട്ടെ ഹിറ്റാകുകയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യാറുണ്ട്. ബിഗ് ബിയിലെ ഇന്നസെന്റിന്റെ കോമഡിയും ബാച്ലർ പാർട്ടിയിലെ രംഗങ്ങളും ഇതിന് ഉദാഹരണമാണ്. അമൽ നീരദിന്റെ കോമഡി ടൈമിംഗ് അടിപൊളിയാണെന്ന് പറയുകയാണ് നടൻ ഷറഫുദ്ദീൻ. അമൽ നീരദിന്റെ തന്നെ ഏറ്റവും പുതിയ ചിത്രമായ ബോഗയ്ന്‍വില്ലയുടെ പ്രമോഷൻ ഭാഗമായി റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
'അടിപൊളി കോമഡി ടൈമിംഗ് ആണ് അമൽ നീരദിനെന്ന അഭിപ്രായം ഒരേസ്വരത്തിലാണ് അഭിനേതാക്കളായ സിന്ദ്രയും ഷറഫുദ്ദീനും പങ്കുവെച്ചത്. 'അഭിനേതാക്കളെ കൊണ്ട് കോമഡി രംഗം ചിത്രീകരിച്ചതിനു ശേഷം അത് കണ്ട് ആസ്വദിക്കുന്ന ഒരാൾ കൂടിയാണ് അമൽ നീരദ്. വരത്തനിൽ ഷോബി തിലകൻ 'അവൻ വല്ല ടെററിസ്റ്റ് മറ്റോ ആണ് ഓടിക്കോ' എന്ന് പറയുന്ന ഒരു രംഗം ഉണ്ട്. അത് അവിടെ നിന്ന് അപ്പോൾ ഉണ്ടായതാണ്. ഇത് ചിത്രീകരിച്ച ശേഷം അമൽ നീരദ് തുടർച്ചയായി കണ്ട് ചിരിക്കുമായിരുന്നു.' ഷറഫുദ്ദീൻ പറഞ്ഞു. ബോഗയ്ന്‍വില്ലയിലും ഇത്തരം ചെറിയ കോമഡി സീനുകൾ ഉണ്ടെന്ന് ശ്രിന്ദ കൂട്ടിച്ചേർത്തു.
അമൽ നീരദ് സംവിധാനം ചെയ്ത് ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ബോഗയ്ന്‍വില്ല'. സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭീഷ്മപര്വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമല്‍നീരദ് പ്രൊഡക്ഷന്സിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറില്‍ ജ്യോതിര്‍മയിലും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബന് ആദ്യമായി ഒരു അമല്‍ നീരദ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ മാസം 17 നാണ് ബോഗയ്ന്‍വില്ല തിയേറ്ററുകളിൽ എത്തുന്നത്.
Content Highlights: srinda about amal neerad comedy timing