രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേൽ ഒരുക്കിയ സോഷ്യൽ ഡ്രാമ ആക്ഷൻ ചിത്രമാണ് 'വേട്ടയ്യൻ'. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നതെങ്കിലും ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കുന്നുണ്ട്. കേരളത്തിലും ചിത്രത്തിന് ചലനമുണ്ടാക്കാൻ സാധിക്കുന്നുണ്ടെങ്കിലും വേട്ടയ്യന്റെ ആദ്യ ദിന കളക്ഷൻ മമ്മൂട്ടി ചിത്രമായ 'ടർബോ'യെക്കാൾ കുറവാണെന്നാണ് പുതിയ റിപ്പോർട്ട്.
4.1 കോടിയാണ് രജനി ചിത്രമായ വേട്ടയ്യന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷൻ. ഇത് മമ്മൂട്ടി ചിത്രമായ 'ടർബോ'യുടെ കളക്ഷനെക്കാൾ കുറവാണ്. 6.15 കോടിയാണ് 'ടർബോ'യുടെ കളക്ഷൻ. ഈ വർഷം കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടിയ ചിത്രവും 'ടർബോ'യാണ്. വിജയ് ചിത്രമായ 'ദി ഗോട്ടി'നും ടർബോയുടെ കളക്ഷനെ മറികടക്കാൻ സാധിച്ചിരുന്നില്ല. 5.8 കോടി ആയിരുന്നു 'ദി ഗോട്ടി'ന്റെ കളക്ഷൻ.
Top 5 opening movies at KBO in 2024 :
— Kerala Box Office (@KeralaBxOffce) October 12, 2024
1) #Turbo - ₹6.15 Cr
2) #MalaikottaiVaaliban - ₹5.85 Cr
3) #TheGoatLife - ₹5.83 Cr
4) #TheGreatestOfAllTime - ₹5.8 Cr
5) #Vettaiyan - ₹4.1 Cr#Mammootty #Mohanlal #PrithvirajSukumaran #ThalapathyVijay #Rajnikanth
ആദ്യ ദിനം പ്രതീക്ഷിച്ചതിനേക്കാൾ മികച്ച കളക്ഷൻ ആണ് 'വേട്ടയ്യൻ' കേരളത്തിൽ നിന്ന് നേടിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. നിലവിൽ കേരളത്തിലെ ആദ്യ ദിന കളക്ഷനിൽ അഞ്ചാം സ്ഥാനത്താണ് 'വേട്ടയ്യൻ'. വിജയ്‌യുടെ 'ദി ഗോട്ടി'ന്റെ കളക്ഷനെ മറികടക്കാനും വേട്ടയ്യന് സാധിച്ചിട്ടില്ല. രണ്ടാം ദിനമായ വെള്ളിയാഴ്ചയും ബുക്കിങ്ങിൽ നേട്ടമുണ്ടാക്കാൻ വേട്ടയ്യന് സാധിക്കുന്നുണ്ട്. ചിത്രത്തിലെ മലയാളി അഭിനേതാക്കളുടെ സാന്നിധ്യവും കേരളത്തിൽ ചിത്രത്തിന് ഗുണമാകുന്നുണ്ട്.
ഫഹദ് ഫാസിലിനും മഞ്ജു വാര്യർക്കും പുറമെ എട്ടിൽ അധികം മലയാളികളാണ് ചിത്രത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എൻകൗണ്ടർ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസിൻറെ ബാനറിൽ സുഭാസ്‌കരൻ അല്ലിരാജ നിർമിച്ച ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.
ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. തിരുവനന്തപുരം, തിരുനെൽവേലി, ചെന്നൈ, മുംബൈ, ഹൈദരാബാദ്, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു വേട്ടയ്യന്റെ ചിത്രീകരണം നടന്നത്.
Content Highlights: Vettaiyan failed to cross turbo first day collections in Kerala