ഇന്ത്യൻ 2-ന് ശേഷം ശങ്കറിന്റെ സംവിധാനത്തിൽ ഒന്നിലധികം ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. അതിൽ 'ഇന്ത്യന് 3'യ്ക്കും വരാനിരിക്കുന്ന രാം ചരൺ ചിത്രം 'ഗെയിം ചെയ്ഞ്ചറി'നും ശേഷം ശങ്കർ സംവിധാനം ചെയ്യാനിരിക്കുന്ന ചരിത്ര സിനിമ 'വേൽപാരി'യുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്ത് വരുന്നത്. 6 വർഷത്തെ ഇടവേളയ്ക്ക് ശേഷം എആർ റഹ്മാനുമായി വീണ്ടും ഒന്നിക്കാൻ സംവിധായകൻ ശങ്കർ ഒരുങ്ങുകയാണെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
രജനികാന്തിനെ നായകനാക്കി 2018ൽ ശങ്കർ സംവിധാനം ചെയ്ത യന്തിരന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. കമൽ ഹാസൻ നായകനായെത്തിയ ഇന്ത്യൻ 2 വിന് സംഗീതം നൽകാൻ എആർ റഹ്‌മാനെ സമീപിച്ചിരുന്നെങ്കിലും മണിരത്‌നം സംവിധാനം ചെയ്‌ത പൊന്നിയിൻ സെൽവൻ ഫ്രാഞ്ചൈസിയുടെ വർക്കുകളുടെ തിരക്കിലായതിനാൽ എആർ റഹ്‌മാൻ തുടർഭാഗം നിരസിക്കുകയായിരുന്നു. തുടർന്ന് അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയത്. ഇന്ത്യൻ 3 യ്ക്കും സംഗീതം നൽകുന്നത് അനിരുദ്ധാണ്.
അതേസമയം, സു വെങ്കിടേശന്റെ നോവലിനെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംഘ കാലഘട്ടത്തിലെ പരമ്പു എന്ന നാട് വാണ ഭരണാധികാരി പാരി വല്ലാലിന്റെ കഥയും പോരാട്ടവുമാണ് നോവൽ. 2000 വർഷം മുൻപുള്ള കാലമാണ് കഥയുടെ പശ്ചാത്തലം. നേരത്തെ ഈ ചിത്രത്തിലേക്ക് രജനികാന്ത്, വിക്രം, സൂര്യ തുടങ്ങിയവരുടെ പേരുകള് പറഞ്ഞു കേട്ടിരുന്നു. നായകന്‍ സൂര്യയായിരിക്കുമെന്നും അദ്ദേഹം വന്നാൽ നന്നായിരിക്കുമെന്ന അഭിപ്രായങ്ങളുമുയർന്നിരുന്നു. എന്നാൽ കാസ്റ്റിങ്ങിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍.
Content Highlights: AR Rahman and Shankar to reunite for Velpari movie ?