'ഭീഷ്മ പർവ്വം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബോഗയ്ൻവില്ല'യുടെ സെൻസറിങ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 18 മിനിറ്റ് 40 സെക്കന്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ൻവില്ല. തികച്ചും വേറിട്ട ലുക്കിലാണ് നടി ചിത്രത്തിലെത്തുന്നത്. റീത്തു എന്ന ജ്യോതിർമയി അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നതെന്ന സൂചനയാണ് അടുത്തിടെ പുറത്തുവിട്ട ട്രെയിലർ നൽകുന്നത്.ഒരു ആക്‌സിഡന്റിന് ശേഷം ഓർമയ്ക്ക് പ്രശ്നങ്ങളുണ്ടാകുന്ന റീത്തു കുറച്ച് പെൺകുട്ടികളുടെ തിരോധാനവുമായി ബന്ധപെട്ട് പൊലീസ് നിരീക്ഷണത്തിലാകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജ്യോതിർമയിയുടെ മികച്ച പ്രകടനം കാണാനാകുമെന്ന പ്രതീക്ഷയും ട്രെയിലർ പങ്കുവെക്കുന്നുണ്ട്.
ഫഹദ് ഫാസിൽ ഡേവിഡ് കോശിയെന്ന പൊലീസ് കഥാപാത്രമായും കുഞ്ചാക്കോ ബോബൻ റീത്തുവിന്റെ ഭർത്താവായ റോയ്‌സ് തോമസ് എന്ന വേഷത്തിലുമാണ് ചിത്രത്തിലെത്തുന്നത്. ബോഗയ്ൻവില്ല ഒക്ടോബർ 17 ന് തിയേറ്ററിലെത്തും.
ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
Content Highlights: Censoring of 'Bougainville' is completed, the film has received a U/A certificate