ആലിയ ഭട്ട് പ്രധാന കഥാപാത്രമായെത്തിയ ചിത്രം 'ജിഗ്ര'യുടെ പേരിൽ ബോളിവുഡിൽ വിവാദങ്ങൾ കടുക്കുകയാണ്. 'ജിഗ്ര' തന്റെ സാവി എന്ന ചിത്രം കോപ്പിയടിച്ചതാണെന്നും ചിത്രത്തിന്റെ ബോക്സോഫീസ് കണക്കുകളില്‍ കൃത്രിമം കാണിച്ചതായുമുള്ള നടിയും സംവിധായികയുമായ ദിവ്യ ഖോസ്ല കുമാറിന്റെ ആരോപണം ഏറെ ചർച്ചയായിരുന്നു. പിന്നാലെ ദിവ്യയുടെ ആരോപണത്തിനെതിരെ സംവിധായകന്‍ കരണ്‍ ജോഹര്‍ നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്.
'മൗനമാണ് വിഡ്ഢികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടി' എന്നായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ദിവ്യയുടെ പേര് പറയാതെയായിരുന്നു കരൺ പ്രതികരിച്ചത്. പിന്നാലെ സംവിധായകന് പരോക്ഷ മറുപടിയുമായി ദിവ്യയും രംഗത്തെത്തി. 'മറ്റുള്ളവർക്കുള്ളത് മോഷ്ടിക്കാൻ നിങ്ങൾ ലജ്ജയില്ലാതെ ശീലിക്കുമ്പോൾ, നിങ്ങൾ എല്ലായ്പ്പോഴും നിശബ്ദതയിൽ അഭയം തേടും. നിങ്ങൾക്ക് ശബ്ദവും നട്ടെല്ലും ഉണ്ടാകില്ല,' എന്നായിരുന്നു ദിവ്യയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമായിരുന്നു നടി ആലിയ ഭട്ട് ജിഗ്രയുടെ ബോക്‌സോഫീസ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ദിവ്യ രംഗത്ത് വരുന്നത്. വ്യാജ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നതിനായി ആലിയ ചിത്രത്തിന്റെ ടിക്കറ്റുകള്‍ മുഴുവൻ വാങ്ങിയെന്നായിരുന്നു ദിവ്യയുടെ ആരോപണം.
താൻ അഭിനയിച്ച 'സാവി'യിൽ നിന്ന് കോപ്പി അടിച്ചതാണ് 'ജിഗ്ര' എന്നായിരുന്നു ദിവ്യ നേരത്തെ ആരോപിച്ചിരുന്നത്. സത്യവാൻ്റെയും സാവിത്രിയുടെയും കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങിയ സാവി ഇംഗ്ലണ്ടിലെ ജയിലിൽ നിന്ന് ഭർത്താവിനെ മോചിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് പറഞ്ഞത്. ഇക്കഴിഞ്ഞ മേയിലാണ് ദിവ്യ ഖോസ്ലെ അഭിനയിച്ച 'സാവി' റിലീസ് ചെയ്തത്.
Content highlights: Divya Khossla and Karan Johar fight in social media on Jigra row