
രജനികാന്ത് നായകനായ വേട്ടയ്യന്‍റെ ആദ്യ ഷോ കാണാൻ ചെന്നൈയിലെ ദേവി തിയേറ്ററിൽ ദളപതി വിജയ് എത്തിയതായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രജനികാന്തിന്‍റെ ആരാധകനായ വിജയ് മുഖം മറച്ച് ഫാൻ ഷോയ്ക്ക് ശേഷം മടങ്ങുന്ന വിഡിയോയാണ് വൈറലായിരുന്നത്. ഇപ്പോഴിതാ ഇത് വിജയ് തന്നെയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകൻ വെങ്കട്ട് പ്രഭു.
വേട്ടയ്യൻ്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമാണ് വിജയ് എത്തിയത്. എല്ലാവരെയും പോലെയും വിജയ് യും തലൈവരുടെ വലിയ ഫാൻ ആണെന്നും സിനിമ കാണാൻ എത്തിയ അനുഭവം വളരെ മികച്ചതായിരുന്നെന്നും വെങ്കട്ട് പ്രഭു പറഞ്ഞു. ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് വെങ്കട്ട് പ്രഭുവിന്റെ പ്രതികരണം.
അതേസമയം, വിജയ് നായകനായ ഗോട്ടാണ് വെങ്കട്ട് പ്രഭുവിന്റെ ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ആഗോളതലത്തിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നെങ്കിലും തമിഴ് നാട്ടിൽ ചിത്രത്തിന്റെ കളക്ഷൻ 100 കോടി കടന്നിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രം ദളപതി 69 നിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് അഭിനയിക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlights: Venkat Prabhu confirms Vijay watching Rajinikanth movie Vettaiyan first day