'ദി ഗോഡ്ഫാദർ' പോലെ ഒരു ക്ലാസിക് ചിത്രമാണ് 'ഗംഗുഭായ് കത്തിയവാടി', ആലിയ ഭട്ട് മികച്ച നടി: ജോസഫ് ഗോർഡൻ-ലെവിറ്റ്

69-ാം ദേശീയ പുരസ്കാരത്തിൽ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർഡ് ആലിയ ഭട്ട് സ്വന്തമാക്കിയിരുന്നു

dot image

ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കിയ 'ഗംഗുഭായ് കത്തിയവാടി'യെ അഭിനന്ദിച്ച് ഹോളിവുഡ് നടൻ ജോസഫ് ഗോർഡൻ-ലെവിറ്റ്. 'ദി ഗോഡ്ഫാദർ', 'ഗുഡ്‌ഫെല്ലസ്' തുടങ്ങിയ ക്ലാസിക്കുകൾക്ക് സമാനമായ ചിത്രമെന്നാണ് നടൻ 'ഗംഗുഭായ് കത്തിയവാടി'യെ വിശേഷിപ്പിച്ചത്. ആലിയ ഭട്ട് ഒരു മികച്ച നടിയാണെന്നും ഇന്ത്യയിലേക്ക് താൻ വരാൻ തീരുമാനിച്ചതിന്റെ കാരണങ്ങളിലൊന്ന് ആ ചിത്രമാണ് എന്നും ജോസഫ് ഗോർഡൻ-ലെവിറ്റ് പറഞ്ഞു.

'10 തിങ്ങ്സ് ഐ ഹേറ്റ് എബൗട്ട് യു', '500 ഡേയ്‌സ് ഓഫ് സമ്മർ', ക്രിസ്റ്റഫർ നോളൻ്റെ 'ഇൻസെപ്ഷൻ' തുടങ്ങിയ ചിത്രങ്ങളിലുടെ പ്രശസ്തനായ നടനാണ് ജോസഫ് ഗോർഡൻ-ലെവിറ്റ്. ആദ്യമായി ഇന്ത്യയിൽ എത്തിയ അദ്ദേഹം മുംബൈയിൽ നടന്ന ഐഎഫ്‌പിയുടെ ഉദ്ഘാടന സെഷനിൽ നടൻ രാജ്കുമാർ റാവുമായി സംസാരിക്കുന്നതിടെയാണ് സഞ്ജയ് ലീല ബൻസാലി ചിത്രത്തെക്കുറിച്ച് പ്രശംസിച്ച് സംസാരിച്ചത്.

'ഞാൻ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ചിത്രമായിരുന്നു 'ഗംഗുഭായ് കത്തിയവാടി'. വേറിട്ടതും അതിനെക്കാൾ ശക്തിയേറിയതുമായ ഒരു ചിത്രം. ഏതാണ്ട് ഒരു സ്കോർസെസിയുടെ സിനിമ കാണുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഇന്ത്യൻ സിനിമയെക്കുറിച്ച് കൂടുതലായി പഠിക്കാൻ ആ സിനിമ എന്നെ പ്രേരിപ്പിച്ചു. ഇന്ന് ഞാൻ ഇവിടേക്ക് വരാൻ തീരുമാനിച്ചതിന്റെ ഒരു കാരണവും അത് തന്നെയാണ്. ഇന്ത്യയിലെ സിനിമകളോടും കലകളോടും എനിക്ക് വലിയ ഇഷ്ടമാണ്. ഇവിടെ വന്ന് ഒരു സിനിമ നിർമിക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്', ജോസഫ് ഗോർഡൻ-ലെവിറ്റ് പറഞ്ഞു.

തുടർന്ന് നടന്ന ഫാൻ സോണിലും നടൻ ചിത്രത്തെക്കുറിച്ച് അവതാരകയോട് പ്രശംസിച്ച് സംസാരിച്ചു. 'ആലിയ ഭട്ട് ഒരു മികച്ച നടിയാണ് എന്നാണ് ഞാൻ കരുതുന്നത്. ഒരു ലൈം​ഗിക തൊഴിലാളിയുടെ വളർച്ചയാണ് ആ സിനിമ പറയുന്നത്. ഏതാണ്ട് 'ഗുഡ്ഫെല്ലസ്' അല്ലെങ്കിൽ 'ദി ഗോഡ്ഫാദർ' പോലെയാണ് എനിക്ക് 'ഗംഗുഭായ് കത്തിയവാടി' തോന്നിയത്. ഹോളിവുഡിൽ നിങ്ങൾക്ക് ഇത്തരത്തിൽ പാട്ടുകളും നൃത്തങ്ങളുമുള്ള ഒരു സിനിമ കാണാൻ സാധിക്കില്ല. ചിത്രത്തിന്റെ സംഗീതം, ആലാപനം, നൃത്തം, കൊറിയോഗ്രാഫി, ക്യാമറ, എല്ലാം തന്നെ വളരെ നന്നായിരുന്നു', ജോസഫ് ഗോർഡൻ-ലെവിറ്റ് കൂട്ടിച്ചേർത്തു.

എസ് ഹുസൈൻ സെയ്ദി രചിച്ച മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഗംഗുഭായ് കോട്ടേവാലിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് സഞ്ജയ് ലീല ബൻസാലി ഗംഗുഭായ് കത്തിയവാടി ഒരുക്കിയത്. 72ാമത് ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ അടക്കം പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ആലിയ ഭട്ടിന്റെ പ്രകടനത്തിനും സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനമികവിനും ഏറെ അഭിനന്ദങ്ങൾ ലഭിച്ചിരുന്നു. ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു.

69-ാം ദേശീയ പുരസ്കാരത്തിൽ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർഡും ആലിയ ഭട്ട് സ്വന്തമാക്കിയിരുന്നു. അജയ് ദേവ്ഗൺ, വിജയ് റാസ്‌, ജിം സർഭ്, ശന്തനു മഹേശ്വരി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Content Highlights: Actor Joseph Gordon-Levitt praises Alia Bhatt and Gangubhai Kathiawadi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us