എമ്പുരാൻ സെറ്റിൽ പൃഥ്വിരാജിന്റെ സംവിധാനം നേരിൽ കണ്ട് അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധായകൻ സംവിധായകൻ ജിതിൻ ലാൽ. മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
ജിതിൻ ലാൽ സിനിമയുടെ ചിത്രീകരണം നേരിട്ട് കണ്ടതിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.
ആറു വർഷത്തിന് മുൻപ് ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് ലൂസിഫർ കാണുമ്പോൾ ലഭിച്ച അതേ പ്രചോദനം ഇപ്പോൾ തൊട്ടടുത്ത് നിന്ന് കാണുമ്പോഴും ലഭിക്കുന്നുവെന്നാണ് ജിതിൻ കുറിച്ചത്. പൃഥ്വിരാജിന്റെ ആരാധകൻ ആണെന്നും അദ്ദേഹത്തിന്റെ ഫിലിമോഗ്രാഫി തന്നിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ജിതിൻ കൂട്ടിച്ചേർത്തു.
'2018-ൽ, തിരുവനന്തപുരത്ത് ലൂസിഫർ ചിത്രീകരിക്കുമ്പോൾ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത് കാണാൻ വളരെ ആവേശഭരിതനായിരുന്നു. വളരെ ദൂരെ നിന്നാണ് അന്നത് കണ്ടത്. പക്ഷേ അദ്ദേഹത്തിൻ്റെ ഫിലിമോഗ്രാഫിയുടെ ഒരു ആരാധകൻ എന്ന നിലയിൽ, അത് അവിശ്വസനീയമാം വിധം പ്രചോദനാത്മകമായ നിമിഷമായിരുന്നു! ഇപ്പോൾ, 6 വർഷത്തിന് ശേഷം, ഇതാ ഞാൻ എമ്പുരാൻ്റെ സെറ്റിൽ, വളരെ അടുത്ത് നിന്ന് പൃഥ്വിരാജിന്റെ സംവിധനത്തിന് സാക്ഷിയായി. 'റോൾ ക്യാമറ, ആക്ഷൻ' അദ്ദേഹം ഷോട്ടുകൾ വിളിക്കുന്നു. ഇപ്പോഴും ഒരു ആരാധകനായ കുട്ടി പ്രചോദനം ഉൾക്കൊള്ളുന്നു'. ജിതിൻ ലാലിന്റെ വാക്കുകൾ ഇങ്ങനെ.
അതേസമയം, ആദ്യ ഭാഗത്തെ താരങ്ങൾക്കൊപ്പം പുതിയ താരങ്ങളും എമ്പുരാനിൽ എത്തുന്നുണ്ട്. ചിത്രത്തിന് മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ പറഞ്ഞിരുന്നു. ആശീര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസ് കൂടി നിർമാണ പങ്കാളിയാവുന്ന എമ്പുരാൻ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസിനെത്തും.
Content Highlights: ARM director Jitin Lal shared shooting video of Empuraan