മികച്ച കളക്ഷനുമായി ബോക്സ് ഓഫീസിൽ മുന്നേറുകയാണ് രജനികാന്ത് ചിത്രം വേട്ടയ്യൻ. റിലീസ് ചെയ്ത് നാലു ദിവസം കൊണ്ട് തന്നെ ആഗോളതലത്തിൽ 240 കോടിയിലേറെയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എങ്കിലും വരും ദിവസങ്ങളിലെ കളക്ഷനെ തമിഴ് നാട്ടിലെ കാലാവസ്ഥ ബാധിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ. കടുത്ത മഴയെ തുടർന്ന് തമിഴ് നാട്ടിൽ സ്കൂളുകൾക്കും മറ്റു സ്ഥാപനങ്ങൾക്കെല്ലാം പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വർക്ക് ഫ്രം ഹോമിനും നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ കളക്ഷനെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നേരത്തെ റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രമായ വെങ്കട്ട് പ്രഭു സംവിധാനത്തിലെത്തിയ വിജയ് ചിത്രം ഗോട്ട് ആഗോളതലത്തിൽ 450 കോടിയാണ് കളക്ഷൻ സൃഷ്ടിച്ചത്. ദളപതി ചിത്രത്തെ മറികടക്കാനാകുമോ തലൈവർ ചിത്രത്തിനെന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ കേരളാ ബോക്സ് ഓഫീസിൽ ഗോട്ടിന്റെ കളക്ഷനെ വേട്ടയ്യൻ മറികടന്നിരുന്നു. 13 കോടിയാണ് ഇതിനകം നേടിയത്.
'ജയിലർ' എന്ന ചിത്രത്തിന് ശേഷം കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ നേടുന്ന രജനികാന്ത് ചിത്രമാണ് 'വേട്ടയ്യൻ'. 60 കോടിക്കും മുകളിലായിരുന്നു ജയിലറിന്റെ കേരളത്തിലെ നേട്ടം. ഇത് വരും ദിവസങ്ങളിൽ 'വേട്ടയ്യൻ' മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. കർണാടകയിലും, യുഎസ്എയിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.
എൻകൗണ്ടർ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് 'വേട്ടയ്യൻ' ചർച്ച ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിൻറെ ബാനറിൽ സുഭാസ്കരൻ അല്ലിരാജ നിർമിച്ച ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്.
മഞ്ജു വാര്യർ, ഫഹദ് ഫാസിൽ തുടങ്ങി നിരവധി മലയാളി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ പാട്രിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. രജനികാന്ത് കഥാപാത്രത്തിന്റെ ഭാര്യയായ താര ആയാണ് മഞ്ജു വാര്യര് ചിത്രത്തിൽ എത്തുന്നത്.
Content Highlights: Heavy rains in Chennai, can Rajinikanth's film beat the collection of Vijay's film?