'എന്റെ തല, എന്റെ ഫുൾ ഫിഗർ', അതിനോട് താല്പര്യം ഇല്ല, കഥാപാത്രം നന്നായാൽ മതി: കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല.

dot image

കുഞ്ചാക്കോ ബോബൻ എന്ന നടന്റെ സിനിമാ കരിയർ പരിശോധിക്കുമ്പോൾ വ്യത്യസ്‍തമായ കഥാപത്രങ്ങൾ കൊണ്ട് സമ്പന്നമാണ്. ഏത് സിനിമ തിരഞ്ഞെടുക്കുമ്പോഴും അതിലെ തന്റെ കഥാപത്രത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും തനിക്കല്ലെന്നും പറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. എന്റെ തല എന്റെ ഫുൾ ഫിഗർ എന്നതിനോട് താല്പര്യം ഇല്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ബോഗയ്ൻ വില്ല ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'ഒരു സിനിമയിൽ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അത് സിനിമയുമായി ചേർന്ന് പോകുന്ന കഥാപത്രം ആയിരിക്കണം എന്നേയുള്ളു. അല്ലാതെ ആ കഥാപാത്രം മാത്രം സിനിമയിൽ വേറിട്ട് നിൽക്കണമെന്ന് തോന്നിയിട്ടില്ല. സിനിമയിൽ മറ്റു കഥാപത്രങ്ങളായി നമ്മുടെ കഥാപത്രം ചേർന്ന് നിൽക്കണം എന്നല്ലാതെ ഞാൻ മാത്രം നന്നായാൽ മതിയെന്നോ, എന്റെ തല എന്റെ ഫുൾ ഫിഗർ വേണം എന്നതിനോടോ എനിക്ക് താല്പര്യം ഇല്ല'. കുഞ്ചാക്കോ ബോബൻ പറഞ്ഞു.

അമൽ നീരദ് സംവിധാനം ചെയ്ത് ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ബോഗയ്‌ന്‍വില്ല'. ചിത്രത്തിലെ ആദ്യ ഗാനമായി പുറത്തിറങ്ങിയ സ്തുതിക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഗാനത്തിന്റെ വീഡിയോ സോങ്ങിൽ ഏറ്റവും ശ്രദ്ധ നേടിയത് ജ്യോതിർമയിയുടെയും കുഞ്ചാക്കോ ബോബന്റെയും ഡാൻസിനായിരുന്നു. വളരെ കാലത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബന്‍റെ ഡാൻസ് കാണാൻ സാധിച്ചതെന്നും മലയാളത്തിലെ ഏറ്റവും മികച്ച ഡാൻസർമാരിൽ ഒരാളാണ് ഇന്നും അദ്ദേഹമെന്നുമാണ് വന്ന കമന്‍റുകളിൽ ഭൂരിപക്ഷവും.

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ. മെെ സെല്‍ഫ് ആന്‍റ് മെെ മൂവ്സ് എന്ന ഡാന്‍സ് ഗ്രൂപ്പാണ് പാട്ടിന് കൊറിയോഗ്രഫി ഒരുക്കിയത്.

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണ്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം ഒക്ടോബർ 17 ന് തിയേറ്ററിലെത്തും.

Content Highlights: kunchacko boban about his characters of malayalam cinema

dot image
To advertise here,contact us
dot image