രാജ്യത്തിനെ തന്നെ നടുക്കിക്കൊണ്ടാണ് എൻസിപി നേതാവ് ബാബ സിദ്ദിഖിയെ ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. രാഷ്ട്രീയ രംഗത്ത് തിളങ്ങി നിന്നിരുന്ന ബാബ സിദ്ദിഖി നിരവധി ബോളിവുഡ് താരങ്ങളുടെ സുഹൃത്തുകൂടിയായിരുന്നു. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ പിടിയിലായ പ്രതികൾ തങ്ങൾ ലോറൻസ് ബിഷ്‌ണോയ് ഗ്യാങിന്റെ ഭാഗമാണെന്നും അടുത്ത ഇര സൽമാൻ ഖാൻ ആയിരിക്കുമെന്നും പറഞ്ഞിരുന്നു.
സൽമാൻഖാന് എതിരെ നേരത്തെയും വധശ്രമം ഉണ്ടായിരുന്നു. നേരത്തെ ഗായകൻ സിദ്ധുമൂസെ വാലയെ കൊലപ്പെടുത്തിയതും ലോറൻസ് ബിഷ്‌ണോയ് സംഘമായിരുന്നു. തുടർന്ന് പോലീസ് സൽമാൻഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പഞ്ചാബിൽ വെച്ച് കൊല ചെയ്യപ്പെട്ട സിദ്ദുമൂസവാലയുടെ അവസ്ഥ സൽമാൻഖാനും ഉണ്ടാകുമെന്നായിരുന്നു വന്ന ഭീഷണികളിൽ ഒന്ന്. തുടർന്ന് സ്വയം രക്ഷയ്ക്കായി തോക്ക് കൈവശം വെക്കാൻ സൽമാന് പോലീസ് അനുമതി നൽകുകയും ചെയ്തിരുന്നു.
എന്തുകൊണ്ടാണ് സൽമാൻഖാനോട് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന് ഇത്രയും പക, ആരാണ് ഈ ലോറൻസ് ബിഷ്‌ണോയ് ?
ഇന്ത്യയിലും കാനഡയിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു ഗുണ്ടാസംഘമാണ് ലോറൻസ് ബിഷ്‌ണോയ് ഗ്യാങ് എന്ന് ലളിതമായി പറയാം. വെറും മുപ്പത്തൊന്ന് വയസ് മാത്രമാണ് ലോറൻസ് ബിഷ്‌ണോയുടെ പ്രായം. പ്രാദേശിക ഗുണ്ടാസംഘമായിരുന്ന ലോറൻസ് ബിഷ്‌ണോയ് ഗ്യാങിന് ഇന്ന് നിരവധി അംഗങ്ങളുണ്ട്.
പഞ്ചാബിലെ അബോഹർ ഗ്രാമത്തിൽ ജനിച്ച ലോറൻസ് ബിഷ്‌ണോയിയുടെ അച്ഛൻ പഞ്ചാബ് പൊലീസിലെ ഒരു കോൺസ്റ്റബിൾ ആയിരുന്നു. പഠനകാലത്ത് മികച്ച വിദ്യാർത്ഥിയായിരുന്ന ലോറൻസ് ബിഷ്‌ണോയ് 2011 ൽ പഞ്ചാബ് സർവകലാശാല സ്റ്റുഡൻസ് കൗൺസിലിലിന്റെ ഭാഗമായി. ഇതിനിടെ ഉണ്ടായ വിവിധ കേസുകളിൽ ലോറൻസ് ജയിലിലാവുകയും ഇവിടെ വെച്ച് വിവിധ പ്രാദേശിക ഗുണ്ട സംഘങ്ങളുമായി ലോറൻസ് പരിചയത്തിലാവുകയും ചെയ്തു.
ഈ കാലയളവിലാണ് സതീന്ദർ സിങ് എന്ന ഗുണ്ടാ തലവനെ കണ്ടുമുട്ടുന്നതും ലോറൻസ് ബിഷ്‌ണോയ് അയാളുടെ വിശ്വസ്തനാവുന്നതും. ഗുണ്ടാപ്രവർത്തനത്തിൽ ഇടപെട്ടിരുന്നെങ്കിലും പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽബി നേടുകയും ചെയ്തു. 2013 ൽ മുക്ത്സറിലെ ഗവൺമെന്റ് കോളേജിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയെയും ലുധിയാന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയെയും വെടിവെച്ചു കൊന്നതോടെയാണ് ലോറൻസ് ബിഷ്‌ണോയ് വാർത്തകളിൽ ഇടം പിടിക്കുന്നതും ഈ പേര് ശ്രദ്ധേയമാവുകയും ചെയ്യുന്നത്. ഇതിനിടെ മദ്യകച്ചവടത്തിലേക്കും ലോറൻസ് തിരിഞ്ഞു.
പിന്നീട് ഗുണ്ടാസംഘമായി മാറിയ രാഷ്ട്രീയക്കാരനായ റോക്കി എന്ന ജസ്വീന്ദർ സിങ്ങുമായി ലോറൻസ് സൗഹൃദത്തിലായി എന്നാൽ 2016 ൽ ജയ്പാൽ ഭുള്ളർ എന്ന കുപ്രസിദ്ധ ഗുണ്ട റോക്കിയെ വെടിവെച്ചുകൊന്നു. എന്നാൽ 2021 ൽ ഭുള്ളർ കൊല്ലപ്പെട്ടു. ഈ കേസിൽ അറസ്റ്റിലായ ലോറൻസ് തിഹാർ ജയിലിലായി. പിന്നീട് 2023 ഓഗസ്റ്റിൽ, മയക്കുമരുന്ന് കള്ളക്കടത്ത് കേസ് ചൂണ്ടിക്കാട്ടി ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ബിഷ്ണോയിയെ കസ്റ്റഡിയിലെടുക്കുകയും സബർമതി ജയിലിലെ അതീവ സുരക്ഷാ വാർഡിലേക്ക് മാറ്റുകയും ചെയ്തു.
ഇതിനിടെ കാനഡയിലെ ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായി ലോറൻസിന് ബന്ധമുണ്ടെന്ന് എൻ ഐ എ കണ്ടെത്തി. ജയിലിലാണെങ്കിലും ലോറൻസ് ബിഷ്‌ണോയ് തന്നെയാണ് തന്‍റെ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഇപ്പോഴും നിയന്ത്രിക്കുന്നത്. 700 ഷൂട്ടർമാർ അടങ്ങുന്നതാണ് നിലവിലെ ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്. ബോളിവുഡ് താരം സൽമാൻ ഖാനോട് ഉള്ള പകയ്ക്ക് ഇരുപത്തി അഞ്ച് വർഷത്തിലധികം പഴക്കമുണ്ട്.
ബിഷ്‌ണോയ് സമുദായം പവിത്രമായി കരുതുന്ന ബ്ലാക്ക് ബക്ക് എന്ന കൃഷ്ണ മൃഗത്തെ സൽമാൻ നായാടി കൊലപ്പെടുത്തിയെന്നും ഈ സംഭവത്തിൽ മാപ്പുപറയാത്തതിനാൽ സൽമാനെ കൊലപ്പെടുത്തുമെന്നുമാണ് ലോറൻസ് ബിഷ്‌ണോയ് പറഞ്ഞത്. 1998 ലായിരുന്നു മേൽ പറഞ്ഞ സംഭവം. ബോളിവുഡ് ചിത്രം ഹം സാത്ത് സാത്ത് ഹേയുടെ ചിത്രീകരണത്തിനിടെ രാജസ്ഥാനിൽ എത്തിയ സൽമാൻ 2 കൃഷ്ണ മൃഗങ്ങളെ വേട്ടയാടി കൊന്നെന്ന് ബിഷ്‌ണോയി സമുദായാംഗങ്ങൾ പരാതി നൽകിയിരുന്നു. തുടർന്ന് സംഭവത്തിൽ കേസ് എടുത്ത പോലീസ് സൽമാനെ അറസ്റ്റ് ചെയ്തു. ബിഷ്‌ണോയ് സമുദായത്തിന്റെ ആത്മീയ ഗുരുവായിരുന്ന ജബേശ്വറിന്റെ പുനർജന്മമാണ് കൃഷ്ണമൃഗമെന്നാണ് സമുദായത്തിന്റെ വിശ്വാസം.
ഇത് ചൂണ്ടിക്കാട്ടിയാണ് സൽമാനെ കൊലപ്പെടുത്തുമെന്ന് ലോറൻസ് ബിഷ്‌ണോയ് പറഞ്ഞത്. സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ സൽമാൻഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയും സ്വയം രക്ഷയ്ക്കായി തോക്കും മഹാരാഷ്ട്ര സർക്കാർ അനുവദിച്ചിരുന്നു.
Content Highlights: why Lawrence Bishnoi gang trying attack Actor Salman Khan and Friends