ആരാധകർ ഏറെ ആവേശത്തോടെയും കൗതുകത്തോടെയും കേട്ട വാർത്തകളിൽ ഒന്നായിരുന്നു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്നത്. മഹേഷ് നാരായണനാണ് ഇരുവരെയും ഒന്നിപ്പിച്ചുകൊണ്ട് ചിത്രമൊരുക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴിതാ മമ്മൂട്ടി - മോഹൻലാൽ - മഹേഷ് നാരായണൻ ചിത്രത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നിർമാതാവ് ജോബി ജോർജ്.
ചിത്രത്തിന്റെ തിരക്കഥ പൂർണമായി താൻ കേട്ടെന്നും മമ്മൂട്ടി - മോഹൻലാൽ - മഹേഷ് നാരായണൻ ചിത്രം വല്ലാത്തൊരു സിനിമയായി മാറുമെന്നാണ് തനിക്ക് തോന്നുന്നതെന്നുമായിരുന്നു ജോബി ജോർജ് മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. താനല്ല ഈ ചിത്രം നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജോബിയുടെ വാക്കുകൾ ഇതിനോടകം സോഷ്യൽ മീഡിയില് വൈറലാണ്. എൺപത് കോടി ബഡ്ജറ്റിലാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ഈ ചിത്രത്തിന് ആവുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രം മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നായിരിക്കും നിർമിക്കുകയെന്നും വാർത്തകൾ വരുന്നുണ്ട്.
ലണ്ടൻ, ശ്രീലങ്ക, ഹൈദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം എന്നാണ് സൂചന. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ചിത്രത്തിൻറെ അണിയറപ്രവർത്തകർ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംവിധായകൻ മഹേഷ് നാരായണനൊപ്പം നിർമ്മാതാക്കളായ ആൻറോ ജോസഫ്, സിവി സാരഥി, എംപി യാദമിനി ഗുണവർധന എന്നിവരായിരുന്നു ദിനേശ് ഗുണവർധനയുമായി ചർച്ച നടത്തിയത്.
നേരത്തെ നിർമാതാവ് ആന്റണി പെരുമ്പൂവാരാണ് ആദ്യമായി ചിത്രത്തിന്റെ സൂചനകൾ നൽകിയത്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച ആന്റണി മമ്മൂട്ടി കമ്പനിയും ആശീർവാദും കൈ കൊടുക്കുന്നു എന്ന ക്യാപ്ഷൻ നൽകുകയും ചെയ്തിരുന്നു.
അതേസമയം ജോബി ജോർജ് നിർമിച്ച കിഷ്‌കിന്ധാകാണ്ഡം വൻ വിജയമാണ് സ്വന്തമാക്കിയത്. ആസിഫ് അലി നായകനായ ചിത്രം ദിൻജിത്ത് അയ്യത്താൻ ആയിരുന്നു സംവിധാനം ചെയ്തത്. ചിത്രത്തിന്റെ കാമറാമാൻ കൂടിയായ ബാഹുൽ രമേശ് ആയിരുന്നു കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥ എഴുതിയത്.
Content Highlights: Producer Joby George about Mammootty Mohanlal Mahesh Narayanan Team Movie