ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന കങ്കുവ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ നവംബറിൽ റിലീസ് ചെയ്യുകയാണ്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി പത്ത് വ്യത്യസ്ത ഭാഷകളിലും ചിത്രമെത്തും.
അതാത് ഭാഷകളിലെ ഡബ്ബിങ് ആർടിസ്റ്റുകളാണ് സാധാരണ നിലയിൽ ഓരോ ചിത്രത്തിലെ കഥാപാത്രങ്ങൾക്കും ശബ്ദം നൽകാറുള്ളത്. എന്നാൽ കങ്കുവ പത്ത് ഭാഷകളിലും സൂര്യയുടെ ശബ്ദത്തിൽ തന്നെ കാണാമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നിർമാതാവ് കെ ഇ ജ്ഞാനവേൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
എക്‌സ് പ്ലാറ്റ്‌ഫോമിൽ സൂര്യ ആരാധകരുമായി നടത്തിയ ചർച്ചയിലാണ് ജ്ഞാനവേൽ ഇക്കാര്യം സ്ഥിരീകരിച്ചത്. തമിഴ് പതിപ്പിന് സൂര്യ ഡബ്ബ് ചെയ്യുന്നുണ്ട്. മറ്റുഭാഷകളിൽ എ ഐ ഉപയോഗിക്കും. ഇത് കോളിവുഡിന് പുതിയ സാധ്യത കാണിച്ചുതരും. അടുത്തിടെ, അമിതാഭ് ബച്ചന്റെ ശബ്ദത്തിന് വേട്ടയാന്റെ നിർമ്മാതാക്കൾ സമാനമായ കാര്യം ചെയ്തു. ചൈനീസ്, ജാപ്പനീസ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നതിനാൽ ഇത് വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ജ്ഞാനവേൽ പറഞ്ഞത്.
ലോകമെമ്പാടുമുള്ള 3500 സ്‌ക്രീനുകളിൽ കങ്കുവ റിലീസ് ചെയ്യുമെന്നും ജ്ഞാനവേൽ പറഞ്ഞു . 3D, IMAX ഫോർമാറ്റുകളിൽ ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇപ്പോൾ ഐമാക്സിൽ റിലീസ് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രീ-റിലീസ് ഇവന്റിൽ മുഖ്യാതിഥികളാകാൻ രജനികാന്തിനെയും പ്രഭാസിനെയും സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബർ 14 നാണ് കങ്കുവ റിലീസ് ചെയ്യുന്നത്. സൂര്യയും ബോബി ഡിയോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജഗപതി ബാബു, നടരാജൻ സുബ്രഹ്‌മണ്യം, യോഗി ബാബു, റെഡിൻ കിംഗ്സ്ലി, കോവൈ സരള, ആനന്ദരാജ്, കെ എസ് രവികുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ഫാന്റസി ആക്ഷൻ ചിത്രമായിട്ടാണ് കങ്കുവ ഒരുങ്ങുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Content Highlights: Actor Suriya's voice use 'Kanguva' Movie in all Language with help of AI