ഇത് രജനിയുടെ തേരോട്ടം, ദളപതി കോട്ട തകർത്ത് സൂപ്പർസ്റ്റാർ; കേരളത്തിൽ ദി ഗോട്ടിനെ മറികടന്ന് 'വേട്ടയ്യൻ'

ചിത്രത്തിലെ രജനികാന്തിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

dot image

കേരളത്തിൽ മികച്ച കളക്ഷനുമായി മുന്നേറുകയാണ് രജനികാന്ത് ചിത്രം 'വേട്ടയ്യൻ'. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് കേരളത്തിൽ നിന്നും ലഭിക്കുന്നതെങ്കിലും ചിത്രത്തിൻ്റെ കളക്ഷന് കുറവൊന്നുമില്ല. ഒക്ടോബർ 10ന് പുറത്തിറങ്ങിയ ചിത്രം നാല് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയത് 13 കോടിയാണ്. ഇതോടെ 'വേട്ടയ്യൻ' കേരളത്തിൽ നിന്ന് വിജയ്‌യുടെ 'ദി ഗോട്ട്' നേടിയ കളക്ഷനെ മറികടന്ന് ഈ വർഷം ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ചിത്രമായി മാറി.

13 കോടിയായിരുന്നു ദി ഗോട്ടിന്റെ കേരളത്തിലെ കളക്ഷൻ. മോശം പ്രതികരണം നേടിയ ചിത്രത്തിന് കേരളത്തിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചില്ല. 'ജയിലർ' എന്ന ചിത്രത്തിന് ശേഷം കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ നേടുന്ന രജനികാന്ത് ചിത്രമാണ് 'വേട്ടയ്യൻ'. 60 കോടിക്കും മുകളിലായിരുന്നു ജയിലറിന്റെ കേരളത്തിലെ നേട്ടം. ഇത് വരും ദിവസങ്ങളിൽ 'വേട്ടയ്യൻ' മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. കർണാടകയിലും, യുഎസ്എയിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.

തമിഴ്നാട്ടിൽ വേട്ടയ്യന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 145 കോടിയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ നേടിയതെന്നാണ് സിനിട്രാക്ക് പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് 55 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിലെ രജനികാന്തിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എൻകൗണ്ടർ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് 'വേട്ടയ്യൻ' ചർച്ച ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിൻറെ ബാനറിൽ സുഭാസ്‌കരൻ അല്ലിരാജ നിർമിച്ച ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്.

മഞ്ജു വാര്യർ, ഫഹദ് ഫാസിൽ തുടങ്ങി നിരവധി മലയാളി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ പാട്രിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. രജനികാന്ത് കഥാപാത്രത്തിന്‍റെ ഭാര്യയായ താര ആയാണ് മഞ്ജു വാര്യര്‍ ചിത്രത്തിൽ എത്തുന്നത്.

Content Highlights: Vettaiyan breaks the Kerala collections of Vijay's The GOAT

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us