തനിക്ക് എടുക്കാനാഗ്രഹമുള്ള ഒരു ആക്ഷൻ സിനിമ ഇതുവരെയും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ഫിസിക്സിനെ മറികടക്കുന്ന ആക്ഷൻ സിനിമയിൽ ഉണ്ടാകരുതെന്ന് തനിക്ക് വാശിയുണ്ട്. ആ നിർബന്ധം ഉണ്ടായിരുന്നത് കൊണ്ടാണ് മാസ്റ്ററിൽ വിജയ് ചെയ്യുന്ന ആക്ഷൻ സീനെല്ലാം കുറേക്കൂടെ റോ ആയി അനുഭവപ്പെട്ടതെന്നും ലോകേഷ് പറഞ്ഞു.
'കിൽ ബിൽ' പോലെ ഒരു സിനിമ എടുക്കാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ ഒരിക്കലും അത് റിലീസ് ചെയ്യാനാകില്ല. ഒടിടിയിലൂടെ പോലും അത് പുറത്തിറക്കാൻ സാധിക്കില്ലെന്നും ലോകേഷ് കനകരാജ് പറഞ്ഞു. സംവിധായകനായ പാ രഞ്ജിത്ത് നേതൃത്വം നൽകുന്ന 'കൂഗൈ ഫിലിം മൂവ്മെന്റി'ലെ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ലോകേഷ് കനകരാജ്.
'സ്ത്രീ കേന്ദ്രീകൃതമായ രീതിയിൽ കിൽ ബില്ലിനെ നമ്മുടെ രീതിയിലേക്ക് അഡാപ്റ്റ് ചെയ്തുകൊണ്ട് ഒരു സിനിമ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. പക്ഷേ അത് ഇവിടെ റിലീസ് ചെയ്യാനാകില്ല. ഒടിടിയിൽ പോലും അത് റിലീസിന് സാധിക്കില്ല. കിൽ ബിൽ നിങ്ങൾക്ക് ഒടിടിയിൽ കാണാനാകും. പൾപ്പ് ഫിക്ഷൻ, കാസിനോ, അങ്ങനെ ഒരുപാട് സിനിമകളും കാണാം. അതെല്ലാം എത്ര ഓസ്കർ നേടിയിട്ടുണ്ടെന്ന് നോക്കി നമുക്ക് അഭിമാനിക്കാം. പക്ഷേ അങ്ങനെയുള്ള വയലൻസ് നമുക്കിവിടെ ചെയ്യാനോ റിലീസ് ചെയ്യാനോ കഴിയില്ല,' ലോകേഷ് പറഞ്ഞു.
വലിയ താരങ്ങളെ വെച്ച് നേരെ പോയി ഒരു ആക്ഷൻ സിനിമ എടുക്കാനാകില്ല. സിനിമയിലെ ആക്ഷനെയും വയലൻസിനെയും എത്രത്തോളം റൊമാന്റിസൈസ് ചെയ്യുന്നോ അതുപോലെ തന്നെ അതിനെ കുറക്കാനും പഠിക്കണം. കാരണം കുടുംബ പ്രേക്ഷകർ ഉൾപ്പെടെയുള്ളവർ സിനിമ കാണാൻ വരുമെന്നുള്ളത് മനസിലുണ്ടാകണമെന്നും ലോകേഷ് കൂട്ടിച്ചേർത്തു.
ഷൂട്ടിങ് സെറ്റിൽ റോപ്പുകൾ വരരുതെന്നാണ് സ്റ്റണ്ട് മാസ്റ്റർമാരോട് താൻ പറയാറുള്ളത്. ഫിസിക്സിനെ റീ ഡിഫൈൻ ചെയ്യുന്ന രീതിയിൽ സിനിമ ചെയ്യണ്ടതില്ലെന്നാണ് താൻ കരുതുന്നത്. അപ്പോൾ തന്നെ സ്റ്റണ്ടിൽ റോ ആയ ഒരനുഭവം സിനിമയ്ക്കുണ്ടാകുമെന്നും ലോകേഷ് കനകരാജ് പറഞ്ഞു.
രജനികാന്ത് നായകനായി എത്തുന്ന 'കൂലി' യാണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷിന്റെ ചിത്രം. രജനിക്കൊപ്പം നാഗാർജുന, സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, ഉപേന്ദ്ര തുടങ്ങി വൻ താരനിരയാണ് കൂലിയിൽ അഭിനയിക്കുന്നത്. പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ആയിട്ടാണ് കൂലി ഒരുങ്ങുന്നത്. ചിത്രം 2025 ലായിരിക്കും റിലീസ് ചെയ്യുക.
Content Highlights: I want to make an indian adaptation of Kill Bill but won't be able to release it says lokesh kanakaraj