മൂകാംബിക സന്ദർശനത്തിനിടെ കൂടിക്കാഴ്ച്ച നടത്തി നടന്മാരായ ജയസൂര്യയും റിഷഭ് ഷെട്ടിയും. വിജയദശമി നാളിൽ കൊല്ലൂർ
മൂകാംബിക ക്ഷേത്രത്തിൽ എത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ജയസൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'കത്തനാർ കാന്താരയെ കണ്ടുമുട്ടിയപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
ഇരുവരുടെയും വരാനിക്കുന്ന ചിത്രങ്ങളാണ് കത്തനാരും കാന്താരയും. ഇരു ചിത്രങ്ങളും യഥാക്രമം കേരളത്തിലെയും കർണാടകയിലെയും ഐതിഹ്യങ്ങളെയും മിത്തുകളെയും ഉൾപ്പെടുത്തി നിർമിക്കുന്ന ചിത്രങ്ങളാണ്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യയുടെ 'കത്തനാർ - ദി വൈൽഡ് സോഴ്സറർ' എന്ന ചിത്രം കടമറ്റത്തു കത്തനാരുടെ കഥയാണ് പറയുന്നത്.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന'കത്തനാർ - ദി വൈൽഡ് സോഴ്സററി'ൻ്റെ ആദ്യ ഭാഗം റിലീസിന് ഒരുങ്ങുകയാണ്. അനുഷ്‌ക ഷെട്ടിയും പ്രഭുദേവയുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
റിഷഭ് ഷെട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്. ദക്ഷിണ കന്നഡയിലെ വിശ്വാസ മൂർത്തിയായ പഞ്ചുരുളിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
Content Highlights: Kathanar meets Kanthara Actor Jayasurya Share pics with Rishab Shetty in Kollur Mookambika