നടൻ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് കങ്കുവ. ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ ആണ്. നേരത്തെ ഒക്ടോബർ 10 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന കങ്കുവ, രജനികാന്ത് ചിത്രം വേട്ടയ്യന് വേണ്ടി റിലീസ് മാറ്റുകയായിരുന്നു.
നവംബർ 14 നാണ് ചിത്രം റിലീസ് ചെയ്യുക. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമ്പോൾ കങ്കുവ കളക്ഷനിൽ റെക്കോർഡ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാവ് കെ ഇ ജ്ഞാനവേൽ. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചിത്രം 2000 കോടി നേടുമെന്ന് നിർമാതാവ് അവകാശപ്പെട്ടത്.
'ആർആർആർ', 'ബാഹുബലി', 'കെജിഎഫ്' പോലുള്ള ചിത്രങ്ങളെ പോലെ വലിയ കളക്ഷന്‍ കങ്കുവ നേടുമെന്നും, 1000 കോടിയിലധികം സമ്പാദിക്കുന്ന ആദ്യ തമിഴ് ചിത്രമെന്ന റെക്കോർഡ് കുറിക്കുമെന്നും ജ്ഞാനവേൽ പറഞ്ഞു. തമിഴ് സിനിമയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ ചിത്രമായി കങ്കുവ മാറുമോ എന്ന ചോദ്യത്തിനായിരുന്നു ജ്ഞാനവേലിന്റെ മറുപടി.
ചിത്രവുമായി ബന്ധപ്പെട്ട കളക്ഷൻ രേഖകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. '500 കോടി രൂപയോ 700 കോടിയോ 1000 കോടിയോ സമ്പാദിച്ചാലും ഞാന്‍ ജിഎസ്ടി ചലാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യും, അതിനുശേഷം എല്ലാ നിര്‍മ്മാതാക്കളോടും അവരുടെ ജിഎസ്ടി ചലാന്‍ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് കൃത്യമായ വിവരം ലഭിക്കും' എന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള 3500 സ്‌ക്രീനുകളിൽ കങ്കുവ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു . 3D, IMAX ഫോർമാറ്റുകളിൽ ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇപ്പോൾ ഐമാക്‌സിൽ റിലീസ് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രീ-റിലീസ് ഇവന്റിൽ മുഖ്യാതിഥികളാകാൻ രജനികാന്തിനെയും പ്രഭാസിനെയും സമീപിച്ചിട്ടുണ്ടെന്നും ജ്ഞാനവേൽ പറഞ്ഞിരുന്നു.
തമിഴിന് പുറമെ പത്തിലധികം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിനായി സൂര്യയുടെ ശബ്ദം എ ഐ ഉപയോഗിച്ച് എല്ലാ ഭാഷകളിലും ഡബ്ബ് ചെയ്യിപ്പിക്കുമെന്നും നേരത്തെ ജ്ഞാനവേൽ പറഞ്ഞിരുന്നു. സൂര്യയ്ക്ക് പുറമെ ബോബി ഡിയോൾ, ദിഷ പഠാനി , ജഗപതി ബാബു , നടരാജൻ സുബ്രഹ്‌മണ്യം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്, വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ കാമറ. എഡിറ്റർ നിഷാദ് യൂസഫ്.
Content Highlights: Suriya's Kanguva will earn 2000 crore Says Producer KE Gnanavel