ഷാരൂഖ് ഖാന്റെ അർപ്പണബോധത്തെയും ഏകാഗ്രതയെയും പ്രശംസിച്ച് നടി താപ്‌സി പന്നു. എന്ത് ചെയ്യുമ്പോഴും ശ്രദ്ധ മാറാതെ 100 ശതമാനം നൽകണമെന്ന പാഠമാണ് താൻ ഷാരൂഖ് ഖാനിൽ നിന്ന് പഠിച്ചതെന്ന് താപ്‍സി പറഞ്ഞു. ന്യൂസ് എക്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു താപ്‍സി ഇക്കാര്യം പറഞ്ഞത്. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത ഡങ്കി എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
'വേറെ 50 കാര്യങ്ങൾ ഉണ്ടെങ്കിലും റിഹേഴ്സലിൽ ആയിരിക്കുമ്പോൾ 100 ശതമാനവും ഷാരൂഖ് അവിടെ തന്നെ ഉണ്ടാകും. ചിത്രീകരണ സമയം മുഴുവനും അദ്ദേഹം സെറ്റിലുണ്ടാവും, എവിടേക്കും പോകുകയില്ല. നിങ്ങൾ എവിടെയാണെങ്കിലും, ജോലിസ്ഥലത്തോ വീട്ടിലോ എവിടെയായിരിക്കുമ്പോഴും എന്ത് ചെയ്താലും 100 ശതമാനം നൽകണം. ആ അര്‍പ്പണബോധമാണ് ഞാൻ ഷാരൂഖിൽ നിന്ന് പഠിച്ചത്. എന്ത് ചെയ്യുമ്പോഴും ശ്രദ്ധ മാറാതെ 100 ശതമാനം നൽകുന്നുവെന്ന് ഉറപ്പാക്കണം', താപ്‍സി പറഞ്ഞു.
ഡങ്കിയിൽ മനു രന്ധാവ എന്ന കഥാപാത്രത്തെയാണ് താപ്‍സി അവതരിപ്പിച്ചത്. ചിത്രത്തിലെ ഷാരൂഖ് ഖാനൊപ്പമുള്ള താപ്സിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജ്‌കുമാർ ഹിറാനിയും ഷാരൂഖ് ഖാനും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഡങ്കി. രാജ്കുമാർ ഹിരാനി, അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവരായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.
ജ്യോതി ദേശ്പാണ്ഡെ, ഗൗരി ഖാൻ, ഗൗരവ് വർമ്മ, രാജ്കുമാർ ഹിരാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ബൊമൻ ഇറാനി, അനിൽ ഗ്രോവർ, വിക്കി കൗശൽ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഷാരൂഖ് ഖാനും താപ്‍സിയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഡങ്കി.
Content Highlights: Taapsee talks about the lesson learned from Shahrukh Khan