ഇരുവർ എന്ന സിനിമയിൽ മോഹൻലാലും പ്രകാശ് രാജുമായുള്ള ടെറസ് സീൻ തന്റെ ജീവിതത്തിലുണ്ടായ ഒരു യഥാർത്ഥ അനുഭവത്തെ ആസ്പദമാക്കി എഴുതിയതാണെന്ന് നടി സുഹാസിനി മണിരത്നം. തിരുപ്പതിയിൽ ഒരു സിനിമയുടെ 100ാം ദിന ആഘോഷപരിപാടിയിൽ പോയപ്പോൾ താനും ചിരഞ്ജീവിയും നേരിട്ട് കണ്ട് അനുഭവിച്ച കാര്യമായിരുന്നു ആ സീനിന് പിന്നിലെ പ്രചോദനം എന്ന് സുഹാസിനി പറഞ്ഞു. ഇരുവർ എന്ന ചിത്രം ഒരാൾ എഴുതിയതല്ല, പല ആളുകളുടെ സംഭാവന ആ ചിത്രത്തിലുണ്ടെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സുഹാസിനി പറഞ്ഞു.
'ഒരു സിനിമ തിയേറ്ററില്‍ നൂറ് ദിവസം പിന്നിട്ടതിന്‍റെ ആഘോഷപരിപാടികള്‍ക്കായി തിരുപ്പതിയിലേക്ക് പോയ സമയത്താണ് ഇത് നടക്കുന്നത്. ഞാൻ എന്തോ സംസാരിക്കുമ്പോൾ ചിരഞ്ജീവി എന്നോട് 'ഞാൻ വലിയ ഒരു സ്റ്റാറാണ്, ഇങ്ങനെ സംസാരിക്കരുത്, കുറച്ച് ബഹുമാനം തരണം' എന്ന് പറഞ്ഞു. നിങ്ങൾ സ്റ്റാറല്ല എന്റെ സഹതാരം മാത്രമാണെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹം എന്നെ ടെറസിലേക്ക് കൂട്ടിക്കൊണ്ടു പോയി. ആ നാട്ടിലെ എല്ലാവരും അന്ന് ചിരഞ്ജീവിയെ കാണാൻ വേണ്ടി അവിടെയുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ ഈ സ്റ്റാർ പവർ എന്താണെന്ന് കാണുന്നത്. ഇതൊരു സിനിമയിൽ കൊണ്ടു വരണമെന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെയാണ് ഇരുവറിൽ ആ സീൻ ഉൾപ്പെടുത്തിയത്.
ഇരുവറിൽ പലരുടെയും കോൺട്രിബ്യൂഷനുണ്ട്, ഒരാൾ എഴുതിയതല്ല അത്. പല ആളുകളും അതിൽ പങ്കുവഹിച്ചിട്ടുണ്ട്. ആർട്ടിസ്റ്റിന്റെ, വൈരമുത്തുവിന്റെ, എആർ റഹ്മാന്റെ, മണി സാറിന്റെ, എന്റെ തുടങ്ങി ഒരുപാട് പേരുടെ സംഭാവനകൾ ആ സിനിമയിലുണ്ട്.', സുഹാസിനി പറഞ്ഞു.
1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, പ്രകാശ് രാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇരുവർ. ചിത്രത്തില്‍ എംജിആര്‍ ആയാണ് മോഹന്‍ലാല്‍ വേഷമിട്ടത്. കരുണാനിധിയുടെ വേഷമാണ് പ്രകാശ് രാജ് അവതരിപ്പിച്ചത്. മണിരത്‌നവും സുഹാസിനിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
ഐശ്വര്യ റായ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ഇരുവര്‍. എആർ റഹ്മാൻ സംഗീതം നൽകിയ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് സന്തോഷ് ശിവൻ ആയിരുന്നു.
Content Highlights: terrace scene in iruvar was inspired by real life events of me and chiranjeevi says suhasini