സംഗീത ഇതിഹാസം ഇളയരാജയുടെ മകനാണ് യുവൻ ശങ്കർ രാജ. പുതിയ കാലത്ത് മികച്ച നിരവധി ഗാനങ്ങൾ യുവൻ നൽകിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ വിജയ് നായകനായ ഗോട്ടിന് വേണ്ടിയായിരുന്നു യുവൻ ശങ്കർ രാജ സംഗീതമൊരുക്കിയത്. 2014 ൽ യുവൻ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. എന്തുകൊണ്ടായിരുന്നു ഇത്തരത്തിൽ മതം മാറിയതെന്ന് തുറന്നു പറയുകയാണ് യുവൻ ശങ്കർ രാജ.
ഗോട്ടിന്റെ വിജയത്തിന് പിന്നാലെ ഗലാട്ട മീഡിയയ്ക്ക് വേണ്ടി പ്രിയങ്ക ദേശ്പാണ്ഡെ നടത്തിയ അഭിമുഖത്തിലാണ് യുവൻ മനസുതുറന്നത്. കരിയറിന്റെ പീക് ടൈമിൽ നിൽക്കുമ്പോൾ തന്നെ നാല് വർഷത്തോളം യുവൻ എവിടെയായിരുന്നെന്ന് അറിയില്ലായിരുന്നെന്നും ഈ സമയത്ത് എന്തായിരുന്നു സംഭവിച്ചതെന്നുമുള്ള ചോദ്യത്തിനായിരുന്നു യുവൻ മറുപടി പറഞ്ഞത്.
താൻ വിവിധ അന്വേഷണത്തിലായിരുന്നെന്നും ഇതിലൂടെ സ്വയം പഠിക്കുകയായിരുന്നെന്നും യുവൻ പറഞ്ഞു. അമ്മയുടെ മരണ ശേഷം താൻ ഒരു ലോസ്റ്റ് ചൈൽഡ് ആയി മാറി. അവരെ ഞാൻ ഇടയ്ക്ക് ഇടയ്ക്ക് സ്വപ്‌നം കാണാറുണ്ടായിരുന്നു. എവിടെയാണ് അമ്മയുള്ളത്? അവർ എവിടെയോ ഉണ്ടെന്ന് അറിയാം. പക്ഷെ എവിടെയാണ്? എന്നുള്ള അന്വേഷണം ഞാൻ നടത്തി. അത് തന്നെ പൂർണമായും ഹോണ്ട് ചെയ്യുന്നുണ്ടായിരുന്നുവെന്നും യുവൻ പറഞ്ഞു.
അമ്മയുടെ അകാലമരണത്തിന് പിന്നാലെ താൻ തികഞ്ഞ മദ്യപാനിയായി മാറിയിരുന്നെന്നും അതിന് മുമ്പ് താൻ പാർട്ടികൾക്ക് പോയിരുന്നെങ്കിലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ലെന്നും യുവൻ പറഞ്ഞു. പെട്ടന്ന് ഒരുനാൾ തനിക്ക് എല്ലാത്തിനും ഉത്തരം ലഭിച്ചു. നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാൾ എല്ലാം എഴുതിയിട്ടുണ്ട്. അതുപോലെയെ നടക്കൂ എന്ന് ബോധ്യമായി. ഈ പ്രോസസ് എന്നെ പഠിപ്പിച്ചത് ഇസ്‌ലാം ആണെന്നും യുവൻ പറഞ്ഞു.
ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ അച്ഛൻ ഇളയരാജ തന്നെ തടഞ്ഞിരുന്നില്ലെന്നും ദിവസവും അഞ്ച് നേരം ദൈവത്തോട് പ്രാർത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണെന്നായിരുന്നു അച്ഛൻ ചോദിച്ചതെന്നും യുവൻ പറഞ്ഞു. 2015 ൽ വിവാഹത്തിന് പിന്നാലെയാണ് താൻ ഇസ്‌ലാം മതം സ്വീകരിച്ചതായും ഔദ്യോഗികമായി തന്റെ പേര് ഇനി മുതൽ അബ്ദുൾ ഹാലിഖ് ആയിരിക്കുമെന്നും യുവൻ പ്രഖ്യാപിച്ചത്. എന്നാൽ സംഗീത രംഗത്ത് തന്റെ പ്രൊഫഷണൽ പേരായ യുവൻ ശങ്കർ രാജ എന്ന് തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: My mother's death made me an alcoholic, and the search for her brought me to Islam Music Director Yuvan Shankar Raja