ഓരോ സിനിമകളിലും വ്യത്യസ്തങ്ങളായ മേക്കോവറുകളിലൂടെ ഇന്ത്യൻ സിനിമാപ്രേമികളെ എന്നും ഞെട്ടിക്കുന്ന നടനാണ് കമൽ ഹാസൻ. നടന്റെ പുതിയ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ചർച്ചാവിഷയമായിരിക്കുകയാണ്. കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
'പുതിയ ലുക്കിനൊപ്പം പുതിയ യാത്ര' എന്ന തലക്കെട്ടോടെ രാജ് കമല്‍ ഫിലിംസ് പങ്കുവെച്ച ചിത്രത്തിൽ 'ബുൾഗാൻ' താടിയുമായി നിൽക്കുന്ന കമലിനെയാണ് കാണാൻ കഴിയുന്നത്. അന്പറിവിനൊപ്പമുള്ള കെഎച്ച് 237 എന്ന സിനിമയിലെ കമലിന്റെ ഗെറ്റപ്പാണോ ഇത് എന്നാണ് ആരാധകരുടെ സംശയം. 'മേക്കോവറുകളുടെ ബ്രാൻഡ് അംബാസിഡർ' എന്നും 'പോർ കണ്ട സിങ്കം' എന്നുമെല്ലാം കമലിനെ വിളിക്കുന്നതിനൊപ്പം ഈ സംശയവും പലരും സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്നുണ്ട്.
New journey with a new look! #JourneyBegins#Ulaganayagan #KamalHaasan@ikamalhaasan pic.twitter.com/Oj2Ydypdt0
— Raaj Kamal Films International (@RKFI) October 14, 2024
ആക്ഷൻ കൊറിയോഗ്രാഫേഴ്സായ അന്‍പറിവിന്റെ സംവിധാന അരങ്ങേറ്റം കമലിനൊപ്പമായിരിക്കുമെന്നും മണിരത്നം ചിത്രം തഗ് ലൈഫിന്റെ ചിത്രീകരണം പൂർത്തിയ ശേഷം ഈ സിനിമ ആരംഭിക്കുമെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. തഗ് ലൈഫിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ പൂര്‍ത്തിയായിരുന്നു. പിന്നാലെ കമലിനെ പുതിയ ഗെറ്റപ്പിൽ കണ്ടതോടെയാണ് ആരാധകർ സംശയങ്ങളുമായെത്തിയത്.
കെഎച്ച് 237 ന്റെ ചിത്രീകരണം അടുത്ത വര്‍ഷം ജനുവരിയിലാണ് ആരംഭിക്കുക എന്നും ചില റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ 'കല്‍ക്കി 2898 എഡിയിലെ സുപ്രീം യാസ്കിനെ പോലെ ഒരു സർപ്രൈസ് ഒരുക്കിവെച്ചിട്ടുണ്ടോ' എന്നും സംശയങ്ങൾ ചില ആരാധകരിലുണ്ട്.
ആക്ഷൻ കൊറിയോഗ്രാഫിയിൽ ഒരു ബ്രാൻഡ് ലേബലുണ്ടാക്കിയിട്ടുള്ളവരാണ് അന്‍പറിവ് മാസ്റ്റേഴ്സ്. കമലിനൊപ്പം ലോകേഷ് കനകരാജിൻ്റെ വിക്രം, നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി എന്നീ സിനിമകളിൽ ഇരുവരും സഹകരിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫിലും ഇരുവരും തന്നെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ഇന്ത്യൻ 2 ലൂടെ ചെറിയ രീതിയിൽ അടിപതറിയ കമലിന് ഈ ചിത്രത്തിലൂടെയും തഗ് ലൈഫിലൂടെയും ഒരു വമ്പൻ 'കംബാക്ക്' ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlights: Fans curious after the new look of Kamal Haasan