മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകൾ ഇറങ്ങുന്നതും കളക്ഷൻ ലഭിക്കുന്നതുമായ സമയങ്ങളിൽ ഒന്നാണ് ഓണം, ക്രിസ്തുമസ് വെക്കേഷനുകൾ. നിരവധി സിനിമകളാണ് ഈ അവധിക്കാല ആഘോഷത്തിനായി തിയേറ്ററുകളിൽ എത്തുന്നത്. 'അജയന്റെ രണ്ടാം മോഷണം', 'കിഷ്കിന്ധാ കാണ്ഡം' തുടങ്ങിയ സിനിമകൾ ഈ ഓണക്കാലത്ത് ഇറങ്ങി വമ്പൻ ഹിറ്റുകളായി മാറിയിരുന്നു. ഇപ്പോഴിതാ ക്രിസ്തുമസ് അടുക്കുമ്പോൾ നിരവധി വലുതും ചെറുതുമായ സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്.
ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന മോഹൻലാലിൻറെ ആദ്യ സംവിധാനം സംരംഭമായ 'ബറോസ്' ക്രിസ്തുമസ് റിലീസായി ഡിസംബർ 19 ന് തിയേറ്ററിലെത്തുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ സംഭാഷണങ്ങൾ എഴുതുന്നത് കലവൂർ രവികുമാർ ആണ്. 3D യിൽ പുറത്തിറങ്ങുന്ന ചിത്രം ഒരു ഫാന്റസി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
Christmas Releases 2024 In Kerala Boxoffice :#Barroz - December 19#Marco - December 20#PravinkooduShaap - December 20#MufasaTheLionKing - December 20#Viduthalai2 - December 20#BabyJohn - December 25
— AB George (@AbGeorge_) October 16, 2024
ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിർവഹിക്കുന്നു. ലിഡിയന്‍ നാദസ്വരം ആണ് ബറോസിനായി സംഗീതം നൽകുന്നത്. 'ദി ട്രെയ്റ്റര്‍', 'ഐ ഇന്‍ ദ സ്‌കൈ', 'പിച്ച് പെര്‍ഫക്ട്' എന്നീ ചിത്രങ്ങൾക്ക് സംഗീതം നല്‍കിയ മാര്‍ക്ക് കിലിയൻ ചിത്രത്തിനായി പശ്ചാത്തല സംഗീതം നിർവഹിക്കുന്നു. ടി കെ രാജീവ് കുമാറാണ് ചിത്രത്തിന്റെ ക്രീയേറ്റിവ് ഹെഡ് ആയി പ്രവർത്തിക്കുന്നത്.
മലയാളത്തിലെ ഏറ്റവും വയലന്റ് ആയ ചിത്രമെന്ന അറിയിപ്പോടെയാണ് ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടീസറിലെ ആക്ഷൻ രംഗങ്ങൾക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററിലെത്തും.
ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കലൈകിംഗ് സൺ ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നു. കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര്‍ ആണ് ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നത്.
അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'പ്രാവിൻ കൂട് ഷാപ്പ്' ഡിസംബറിൽ തിയറ്ററുകളിലെത്തും. 'ആവേശം' എന്ന സിനിമക്ക് ശേഷം അൻവർ റഷീദ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന സിനിമ കൂടിയാണ് പ്രാവിൻ കൂട് ഷാപ്പ്. ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഷൈജു ഖാലിദാണ് ക്യാമറ. വിഷ്ണു വിജയ് സംഗീത സംവിധാനം.
നിരവധി അന്യഭാഷാ ചിത്രങ്ങളും ക്രിസ്തുമസ് റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. അറ്റ്ലീ നിർമിച്ച് കാലീസ് സംവിധാനം ചെയ്യുന്ന വരുൺ ധവാൻ ചിത്രം 'ബേബി ജോണും' ഡിസംബർ 25 ന് തിയേറ്ററിലെത്തും. വാമിക ഗബ്ബി, കീർത്തി സുരേഷ്, ജാക്കി ഷ്റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഹോളിവുഡ് ചിത്രമായ 'മുഫാസ ദി ലയൺ കിങ്ങും' ഡിസംബർ 20 നാണ് റിലീസിനൊരുങ്ങുന്നത്.
സൂരി, വിജയ് സേതുപതി, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ ഒരുക്കുന്ന 'വിടുതലൈ 2' ഡിസംബർ 20 ന് തിയേറ്ററിലെത്തും. 'വിടുതലൈ ഒന്നാം ഭാഗത്തിന്റെ തുടർച്ചായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഇളയരാജയാണ്. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്.
Content Highlights : list of films releasing on christmas including barroz