അനിരുദ്ധിന്റെ സംഗീതമില്ലാത്ത സിനിമകൾ ഇപ്പോൾ കുറവാണ്. പുറത്തിറങ്ങാനിരിക്കുന്ന എല്ലാ സൂപ്പർതാര ചിത്രങ്ങളുടെയും സംഗീതത്തിന് പിന്നിൽ അനിരുദ്ധാണ്. തുടർച്ചയായി ഹിറ്റ് ഗാനങ്ങളും മികച്ച പശ്ചാത്തലസംഗീതവും ഒരുക്കുന്നതിലൂടെ നിരവധി ചിത്രങ്ങളാണ് അനിരുദ്ധിനെ തേടിയെത്തുന്നത്. അനിരുദ്ധിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
'ദസറ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡെലയും വീണ്ടുമൊന്നിക്കുന്ന തെലുങ്ക് ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിന്റെ പിറന്നാൾ പ്രമാണിച്ച് ഒരു സ്പെഷ്യൽ പോസ്റ്റർ നിർമാണ കമ്പനിയായ ശ്രീ ലക്ഷ്മി വെങ്കടേശ്വര ഫിലിംസ് പുറത്തുവിട്ടു. 'ജേഴ്സി', 'ഗാങ്‌ലീഡർ' എന്നീ സിനിമകൾക്ക് ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
ഒരു വയലന്റ് ആക്ഷൻ ചിത്രമാണിത് എന്നാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യം, സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ വൻ ജനപ്രീതി കണക്കിലെടുത്ത് ടീം ഒടുവിൽ അനിരുദ്ധിനെ തിരഞ്ഞെടുക്കുകയായിരുന്നു. 'ജേഴ്സി' എന്ന ചിത്രത്തിന് ശേഷം ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന വിജയ് ദേവരകൊണ്ടയുടെ 'VD12' , 'മാജിക്' എന്നീ ചിത്രങ്ങളാണ് തെലുങ്കിൽ ഇനി അനിരുദ്ധിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
രജനികാന്ത് ചിത്രം വേട്ടയ്യനാണ് അനിരുദ്ധിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. ചിത്രത്തിലെ ഗാനങ്ങൾക്കും പശ്ചാത്തലസംഗീതത്തിനും മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിലെ മനസ്സിലായോ എന്നെ ഗാനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'വിടാമുയർച്ചി', 'ഇന്ത്യൻ 3' , 'കൂലി', 'ലവ് ഇൻഷുറൻസ് കമ്പനി' തുടങ്ങിയ ചിത്രങ്ങളാണ് ഇനി അനിരുദ്ധിന്റെ പുറത്തിറങ്ങാനുള്ള സിനിമകൾ.
Content Highlights : Anirudh to compose music for Nani - odela film