നടനായും, നിർമ്മാതാവായും, സംവിധായകനായുമെല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനൊപ്പം സിനിമയിൽ പ്രവർത്തിക്കുമ്പോൾ ഒട്ടേറെ പുതിയ കാര്യങ്ങൾ പഠിക്കാനാകുമെന്ന് പറഞ്ഞിരിക്കുകയാണ് യുവ നടൻ അനു മോഹൻ. 7th ഡേ സിനിമയുടെ ചിത്രീകരണ സമയത്ത് പൃഥ്വിരാജ് മേക്കപ്പ് ചെയ്ത് നല്കിയ അനുഭവവും നടൻ പങ്കുവെച്ചു. സൈന സൗത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
'7th ഡേ ചിത്രത്തിന്റെ ചിത്രീകണം നടക്കുമ്പോഴാണ് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. അന്ന് മുതൽ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന മനുഷ്യനാണ് അദ്ദേഹം. എന്റെയും ടൊവിനോ തോമസിന്റയും മൂന്നാമത്തേയോ നാലാമത്തെയോ ചിത്രമാണിത്. തിരക്കഥ ഡിസ്കസ് ചെയ്യുന്ന സമയം എല്ലാരോടും സംശയം തീർത്ത് നേതൃത്വം നൽകുന്ന ഒരാളായാണ് പൃഥ്വിരാജിനെ അവിടെ കണ്ടത്. സിനിമയുടെ ഏത് മേഖലയെക്കുറിച്ച് ചോദിച്ചാലും അദ്ദേഹത്തിന് അറിയാം. മേക്കപ്പ് പോലും അറിയാം. എന്നെ ഒരിക്കൽ രാജുവേട്ടൻ മേക്കപ്പ് ചെയ്തു തന്നിട്ടുണ്ട്.
രാവിലെ ഷൂട്ടിന് മേക്കപ്പ് ചെയ്ത് വന്ന എന്നെ വിളിച്ച് 'മുഖത്തെ ഈ മാർക്ക് കഴിഞ്ഞ രംഗത്തിൽ ഇവിടായിരുന്നോ എന്ന് ചോദിച്ചു' അതിന് ശേഷം പുള്ളി തന്നെ എനിക്ക് മേക്കപ്പ് ചെയ്ത് തന്നു. ഇതിന് ശേഷം എത്രയോ കഴിഞ്ഞാണ് മുന്പത്തെ സീനുകൾ എടുക്കുന്നത്. പക്ഷെ ആ രംഗത്തിന് ഈ മേക്കപ്പ് കൃത്യമായിരുന്നു,' അനു മോഹൻ പറഞ്ഞു. ഓരോ സിനിമയിലും ഓരോ ദിവസവും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ടെന്നും അത്രയും അപ്ഡേറ്റ് ആണ് പൃഥ്വിരാജെന്നും അനു മോഹൻ കൂട്ടിച്ചേർത്തു.
7th ഡേ, പിക്ക് അപ്പ് 43 , അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിൽ പൃഥ്വിരാജിനെപ്പം അനു മോഹൻ പ്രവർത്തിച്ചിട്ടുണ്ട്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ'യിലാണ് വീണ്ടും ഇവർ ഒരുമിച്ചെത്തുന്നത്. ഡബിൾ മോഹനൻ എന്ന ചന്ദനക്കടത്തുകാരനായാണ് പൃഥ്വിരാജ് സിനിമയിൽ അഭിനയിക്കുന്നത്. ഇതേ പേരിലുള്ള ജി ആർ ഇന്ദുഗോപന്റെ കൃതിയാണ് സിനിമയാകുന്നത്. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് സിനിമയുടെ നിർമാണം.
Content Highlights : Anu Mohan shares his experience of working with Prithviraj