2016 ൽ വിജയ്‌യെ നായകനാക്കി സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം 'തെരി'യുടെ അഡാപ്റ്റേഷൻ ആണ് ഹിന്ദി ചിത്രം 'ബേബി ജോൺ' എന്ന് സംവിധായകൻ അറ്റ്ലി. ഒരു പുതിയ ഫ്ലേവർ ഞങ്ങൾ ബേബി ജോണിന് നൽകിയിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ചില യഥാർത്ഥ സംഭവങ്ങളെയും സിനിമയിൽ ചേർത്തിട്ടുണ്ട്. ഹിന്ദി പ്രേക്ഷകർക്ക് ഉറപ്പായും 'ബേബി ജോൺ' ഒരു പുതിയ അനുഭവമായിരിക്കുമെന്ന് അറ്റ്ലി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
'വിജയ്‌യെ നായകനാക്കി ഞാൻ സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രമായ തെരിയുടെ അഡാപ്റ്റേഷൻ ആണ് ബേബി ജോൺ. ആ സിനിമക്ക് ശേഷവും അതിൽ ഞങ്ങൾ കാണിച്ചതുപോലെയുള്ള നിരവധി സംഭവങ്ങൾ നമുക്ക് ചുറ്റും ഇന്നും സംഭവിക്കുന്നുണ്ട്. അതുകൊണ്ട് ഞങ്ങൾ ബേബി ജോണിന് ഒരു പുതിയ ഫ്ലേവർ നൽകിയിട്ടുണ്ട്', അറ്റ്ലി പറഞ്ഞു.
വരുൺ ധവാൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കാലീസ് ആണ്. വരുൺ ധവാന്റെ ആദ്യ മുഴുനീള ആക്ഷൻ ചിത്രമാണിത്. ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ
എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ചിത്രത്തിലുള്ളത്. ബേബി ജോണിൻ്റെ ടീസർ ദീപാവലിക്ക് അജയ് ദേവ്ഗൺ ചിത്രം സിങ്കം എഗെയിനിനൊപ്പം റിലീസ് ചെയ്യും. അതേസമയം, സെപ്റ്റംബറിൽ നടന്ന ബിഗ് സിനി എക്‌സ്‌പോയിൽ ചിത്രത്തിൻ്റെ 5 മിനിറ്റ് ദൃശ്യങ്ങൾ ഫിലിം എക്‌സിബിറ്റർമാർക്കും വിതരണക്കാർക്കും പ്രദർശിപ്പിച്ചിരുന്നു. നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചത്.
Content Highlights: Baby John is an official adaptation of Vijay film Theri