ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാൻ തന്റെ കരിയർ ആരംഭിച്ചത് സീരിയലുകളിലൂടെയായിരുന്നു. 1989 ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഫൗജി എന്ന സീരിയലിലൂടെയായിരുന്നു ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. സൈനികരുടെ ജീവിതം അടിസ്ഥാനമാക്കി ഒരുങ്ങിയ ആ സീരിയലിൽ അഭിമന്യു റായ് എന്ന കഥാപാത്രത്തെയായിരുന്നു ഷാരൂഖ് അവതരിപ്പിച്ചത്.
36 വർഷങ്ങൾക്ക് ശേഷം ഷാരൂഖിന്റെ ആ ഹിറ്റ് സീരിയലിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഗൗഹർ ഖാനും വിക്കി ജെയിനുമാണ് ഫൗജിയുടെ രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദൂരദർശന് വേണ്ടി സന്ദീപ് സിങ് ആണ് പരമ്പര ഒരുക്കുന്നത്.
ആധുനിക ഫോർമാറ്റിൽ ഒരുങ്ങുന്ന പരമ്പരയിൽ കേണൽ സഞ്ജയ് സിംഗായി വ്യവസായിയും നടി അങ്കിത ലോഖണ്ഡേയുടെ ഭർത്താവുമായ വികാസ് ജെയിനും അഭിനയിക്കുന്നുണ്ട്. ലെഫ്റ്റനന്റ് കേണൽ സിമർജീത് കൗർ ആയിട്ടാണ് ഗൗഹർ ഖാൻ അഭിനയിക്കുന്നത്.
സുവംശ് ധർ ആണ് അഭിമന്യു റായ് ആയി എത്തുന്നത്. സൈനികരുടെ ജീവിതകഥ കാണിച്ചിരുന്ന ഫൗജി അക്കാലത്തെ ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു. ''ടെലിവിഷനിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഷോകളിലൊന്നാണ് ഞങ്ങൾ തിരികെ കൊണ്ടുവരുന്നത്. പുതിയതും ആവേശകരവുമായ പതിപ്പിൽ. 1989-ലെ ഫൗജി നമുക്ക് സമ്മാനിച്ചത് ഷാരൂഖ് ഖാനെയാണ്. ഫൗജി 2 ലൂടെ, ചരിത്രം പുനഃസൃഷ്ടിക്കാനും എല്ലാ ഇന്ത്യക്കാരുമായും, പ്രത്യേകിച്ച് യുവജനങ്ങളുമായി കൂടുതൽ അടുക്കാമെന്നും ഞാൻ പ്രതീക്ഷിക്കുന്നു'' ഫൗജി 2 നെ കുറിച്ച് നിർമാതാവ് സന്ദീപ് സിങ് പറഞ്ഞത് ഇങ്ങനെയാണ്.
ആഷിഷ് ഭരദ്വാജ്, ഉത്കർഷ് കോലി, ചാർഖി ദാദ്രി, രുദ്ര സോണി, അമൻ സിംഗ് ദീപ്, അയാൻ മഞ്ചന്ദ, നീൽ സത്പുദ, സുവൻഷ് ധർ, പ്രിയാൻഷു രാജ്ഗുരു, ഉദിത് കപൂർ, മാൻസി, സുസ്മിത ഭണ്ഡാരി എന്നിവരാണ് സീരിയലിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹിന്ദിക്ക് പുറമെ തമിഴ്, ഗുജറാത്തി, തെലുങ്ക്, പഞ്ചാബി, ബംഗാളി ഭാഷകളിലും പരമ്പര സംപ്രേക്ഷണം ചെയ്യും. 11 ഗാനങ്ങളാണ് പുതിയ പരമ്പരയിൽ ഉള്ളത്. ഫൗജി 2 വിന്റെ ടൈറ്റിൽ ട്രാക്കിന് ശ്രേയസ് പൂരാണിക് ആണ് സംഗീതം പകർന്നത്.
വികാസ് ജെയിൻ, സഫർ മെഹ്ദി എന്നിവരാണ് സീരിയലിന്റെ സഹനിർമാതാക്കൾ. സബ് മോഹ മായ ഹേ, എ വെഡ്ഡിംഗ് സ്റ്റോറി എന്നിവ സംവിധാനം ചെയ്ത ചലച്ചിത്ര സംവിധായകൻ അഭിനവ് പരീഖ് ആണ് ഫൗജി 2 സംവിധാനം ചെയ്യുന്നത്.