ബോളിവുഡിലെ ഏറ്റവും സമ്പന്നരായ നടിമാരുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ്. 90 കളിൽ ബോളിവുഡ് അടക്കിവാണിരുന്ന ജൂഹി ചൗള ആണ് ലിസ്റ്റിൽ ഒന്നാമത്. ഹുറൂൺ റിച്ച് ലിസ്റ്റ് പ്രകാരം 4600 കോടിയുടെ ആസ്തിയാണ് ജൂഹി ചൗളക്കുള്ളത്. സമ്പന്ന നടിമാരുടെ ലോക പട്ടികയില്‍ ആദ്യ പത്തിലും ജൂഹി ചൗള ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടെ കാര്യമായ വിജയ ചിത്രങ്ങളൊന്നും ജൂഹിയുടേതായി ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഐശ്വര്യ റായ് ബച്ചൻ ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള നടി. 850 കോടി രൂപയുടെ ആസ്തിയാണ് ഐശ്വര്യക്കുള്ളത്. 650 കോടി രൂപയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. ആലിയ ഭട്ടും ദീപിക പദുക്കോണും ആണ് ലിസ്റ്റിൽ നാലും അഞ്ചും സ്ഥാനത്തുള്ള ബോളിവുഡ് നടിമാർ.
ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടിക എടുക്കുമ്പോൾ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ജൂഹി ചൗളയുള്ളത്. നടൻ ഷാരൂഖ് ഖാൻ ആണ് ലിസ്റ്റിൽ ഒന്നാമത്. 7300 കോടിയാണ് ഷാരൂഖ് ഖാന്റെ ആസ്തി. 90 കളിലെ മുന്‍നിര താരങ്ങളില്‍ ഒരാളായിരുന്നുവെങ്കിലും ജൂഹിയുടെ അവസാന ബോക്‌സ് ഓഫീസ് ഹിറ്റ് 2009-ല്‍ ആയിരുന്നു. സോയ അക്തർ സംവിധാനം ചെയ്ത ലക്ക് ബൈ ചാൻസ് ആണ് ജൂഹി ചൗളയുടെ അവസാനത്തെ ഹിറ്റ് ചിത്രം.
അഭിനയം പതിയെ കുറഞ്ഞെങ്കിലും ജൂഹിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും അവരുടെ ബിസിനസ്സ് നിക്ഷേപങ്ങളിൽ നിന്നാണ്. റെഡ് ചെല്ലീസ് ഗ്രൂപ്പിന്റെ സ്ഥാപകയാണ് ജൂഹി ചൗള. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ടീമിന്റെ സഹ ഉടമ കൂടിയാണ് ജൂഹി. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലൂടെയും കാര്യമായ വരുമാനം ജൂഹി ചൗളക്ക് ലഭിക്കുന്നുണ്ട്.
Content Highlights : Juhi Chawla becomes the richest actress, earns more than 4600 crore