ഇന്ത്യന്‍ സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ ചിത്രമായിരുന്നു രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. കളക്ഷൻ റെക്കോർഡുകളിൽ ചരിത്രം സൃഷ്ടിക്കുക മാത്രമല്ല തെലുങ്ക് ഇൻഡസ്ട്രിയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനും സിനിമയ്ക്കായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും വലിയ സ്വീകരണമാണ് ലഭിച്ചത്.
ബാഹുബലിക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യം ആരും സ്ഥിരീകരിച്ചിരുന്നില്ല. കോമിക്കുകളിലൂടെയും, ടിവി പരമ്പരകളിലൂടെയും ബാഹുബലി എത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ട്. എന്നാൽ ബാഹുബലി 3 സിനിമയായി തന്നെ ആരാധകരിലേക്ക് എത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് കെ ഇ ജ്ഞാനവേൽ രാജ. കങ്കുവ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെ ഇ ജ്ഞാനവേൽ രാജ ഇക്കാര്യം സ്ഥിരീകരിച്ചത്.
'സിനിമാ പ്രവർത്തകരുമായുള്ള ചർച്ചയിൽ ബാഹുബലിയുടെ മൂന്നാം ഭാഗം ഒരുക്കുന്നതിനുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. എന്നാല്‍ ബാഹുബലി ഒന്നും രണ്ടും വന്നതുപോലെ പെട്ടന്നുണ്ടാവില്ല. ഒരു ഗ്യാപ്പിന് ശേഷമേ സിനിമ പുറത്തിറങ്ങുകയുള്ളൂ. ഒരു തവണ സിനിമയും കഥാപാത്രവും പ്രേക്ഷകരുടെ മനസിൽ പതിഞ്ഞാൽ എത്ര കാലം കഴിഞ്ഞായാലും അതിന്റെ അടുത്ത ഭാഗം വന്നാൽ പ്രേക്ഷകർക്കിടയിൽ സ്വാധീനം ഉണ്ടാകും. ഉദാഹരണമായി സൂര്യ നായകനായ സിങ്കം പോലെ'. കെ ഇ ജ്ഞാനവേൽ രാജ പറഞ്ഞു.
തെലുങ്ക് സിനിമയിൽ ബാഹുബലി സൃഷ്ടിച്ച അതേ തരംഗം കങ്കുവയും ഇന്ത്യൻ സിനിമയിൽ ഉണ്ടാക്കുമെന്നും ജ്ഞാനവേൽ രാജ അഭിമുഖത്തില്‍ പറഞ്ഞു. സിരുത്തെ ശിവയാണ് കങ്കുവ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം നവംബറില്‍ തിയേറ്ററുകളില്‍ എത്തും.
Content Highlights: KE Gnanavel Raja clarified that there will be a third part of Bahubali